കൊച്ചി: ശബരിമലയിലെ പൂജാ വസ്തുക്കളുടെ ക്രമക്കേടില്‍ അന്വേഷണത്തിന് നിര്‍ദേശം നൽകി ഹൈക്കോടതി. അഷ്ടാഭിഷേകത്തിനുള്ള പൂജാ സാധനങ്ങള്‍ വാങ്ങിയതില്‍ റിപ്പോര്‍ട്ട് നല്‍കാൻ ദേവസ്വം വിജിലന്‍സിനോടും ഇത് സംബന്ധിച്ച് പരിശോധന നടത്താൻ സംസ്ഥാന ഓഡിറ്റ് വകുപ്പിനോടും കോടതി ആവശ്യപ്പെട്ടു.
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരുടെ സേവനകാലയളവ് ബോര്‍ഡ് കോടതിയെ അറിയിക്കണം. വൗച്ചര്‍ ഇല്ലാതെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍ വന്‍തുകയാണ് കൈപ്പറ്റിയത്. ആറ് മാസപൂജയുടെ ബില്ലുകളില്‍ മാത്രം 5.15 ലക്ഷം രൂപയുടെ ക്രമക്കേടാണ് നടന്നിരിക്കുന്നത്.
പൂജാ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സുനില്‍ സ്വാമിയെ അനുവദിച്ചതെന്തിനെന്ന് കോടതി ചോദിച്ചു. പൂജാ സാധനങ്ങളുമായി ബന്ധപ്പെട്ടുള്ള സുനിൽ സ്വാമിയുടെ പത്തു വർഷത്തെ ഇടപാടുകൾ പരിശോധിക്കാനും ദേവസ്വം ബെഞ്ച് നിര്‍ദേശം നൽകി. സുനില്‍ സ്വാമിയെ പുറത്താക്കണമായിരുന്നുവെന്നും ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.
ശബരിമലയിൽ പൂജയുടെ പേരിലും ഗുരുതര തട്ടിപ്പ് നടന്നെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തിയിരുന്നു. ചില അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരാണ് തട്ടിപ്പിലെ പ്രധാന കണ്ണിയെന്നും പത്ത് വർഷമായി കൊള്ള തുടരുകയാണെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്. മൂന്ന് വർഷം മുൻപ് ഹൈക്കോടതി വിലക്കിയ സുനിൽ സ്വാമിയാണ് നിത്യപൂ ജയ്‌ക്ക് സാധാനങ്ങൾ വാങ്ങുന്നതെന്നും, ഇവ ശബരിമല സ്റ്റോറിലെ അക്കൗണ്ടിലേക്ക് വരവുവെക്കാറില്ലെന്നും ദേവസ്വം വിജിലൻസ് റിപ്പോർട്ടിലുണ്ട്.















