ബെംഗളൂരു: കേന്ദ്ര സർക്കാരിന്റെ നീറ്റ് പരീക്ഷാ വിശയത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ കൂടിയ യൂത്ത് കോൺഗ്രസ് യോഗം ഒടുവിൽ കെപിസിസി ഓഫീസിനെ യുദ്ധക്കളമാക്കി മാറ്റി. ഗ്രൂപ്പ് തിരിഞ്ഞ് നേതാക്കളും അണികളും തമ്മിലടിച്ചതോടെ കർണാടക കോൺഗ്രസിന് വൻ നാണക്കേടായിരിക്കുകയാണ് സംഭവം. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളാണ് പൊതുവേദിയിൽ വലിയ സംഘർഷത്തിലേക്ക് വഴിമാറിയത്.
യൂത്ത് കോൺഗ്രസിലെ 15 ഭാരവാഹികളെ ഹൈക്കമാൻഡ് അടുത്തിടെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇതിൽ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ദീപിക റെഡ്ഡി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും ഉൾപ്പെടുന്നു. ഈ നടപടിയെച്ചൊല്ലി പാർട്ടിയിൽ പുകയുകയായിരുന്ന അതൃപ്തിയാണ് ഒടുവിൽ യോഗസ്ഥലത്ത് പൊട്ടിത്തെറിക്ക് കാരണമായത്.
ദീപിക റെഡ്ഡിയുടെ അനുയായികളും നിലവിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മഞ്ജുനാഥ് ഗൗഡയുടെ അണികളും തമ്മിലുണ്ടായ വാക്കുതർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ ഇരുവിഭാഗവും തമ്മിൽ കൂട്ടത്തല്ല് ആരംഭിക്കുകയും യോഗം നിർത്തിവെക്കേണ്ട സാഹചര്യമുണ്ടാവുകയും ചെയ്തു. എന്നാൽ മറ്റൊരു വിഭാഗം യോഗം തടസ്സപ്പെടുത്തരുതെന്ന ആവശ്യവുമായി രംഗത്തെത്തിയത് സംഘർഷത്തിന്റെ ആക്കം കൂട്ടി. സംഭവം വൻ വിവാദമായതോടെ ഒടുവിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ നേരിട്ട് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.















