ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രതാളുകളില്‍ പുതിയൊരു സുവര്‍ണ്ണ അധ്യായം കൂട്ടിചേര്‍ത്ത് ആഴ്‌സണലിന്റെ കൗമാര താരം മാക്‌സ് ഡൗമാന്‍. പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡാണ് ഈ അക്കാദമി താരം ഇപ്പോള്‍ തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്. വെറും 16 വയസും 139 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് ഡൗമാന്‍ ഈ അവിശ്വസനീയ നേട്ടം കൈവരിച്ചത്. ആഴ്‌സണലിന്റെ സീനിയര്‍ ടീമിനൊപ്പം കിരീടമുയര്‍ത്തിയതോടെ പ്രീമിയര്‍ ലീഗിലെ പ്രായമേറിയ റെക്കോര്‍ഡുകളെല്ലാം ഈ മിഡ്ഫീല്‍ഡര്‍ക്ക് മുന്നില്‍ വഴിമാറി.
മുന്‍പും മാക്‌സ് നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന് റെക്കോര്‍ഡും മാക്‌സ് സ്വന്തമാക്കിയിട്ടുണ്ട്. എവര്‍ട്ടനെതിരെ ഇഞ്ചുറി ടൈമിലായിരുന്നു ആ ചരിത്ര ഗോള്‍ പിറന്നത്. 21 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഡോവ്മാന്‍ അന്ന് തകര്‍ത്തത്. 15 വയസ്സും 308 ദിവസും പ്രായമുള്ളപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡും താരം സ്വന്തമാക്കിയിട്ടുണ്ട്.
ആഴ്സണലിന്റെ പ്രശസ്തമായ ഹെയ്ല്‍ എന്‍ഡ് അക്കാദമിയിലൂടെ വളര്‍ന്നുവന്ന മാക്സ്, അണ്ടര്‍-18 ടീമില്‍ 13-ാം വയസ്സില്‍ തന്നെ കളിച്ചുതുടങ്ങി. അണ്ടര്‍-18 ലീഗില്‍ വെറും 15 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകള്‍ നേടിയിട്ടുള്ള അദ്ദേഹം, മിഡ്ഫീല്‍ഡിലും വിങ്ങിലും ഒരുപോലെ തിളങ്ങുന്ന ഒരു അറ്റാക്കിംഗ് പ്ലെയറാണ്. ഇംഗ്ലണ്ട് അണ്ടര്‍-19 ടീമിലും അദ്ദേഹം ഇതിനകം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.
മിഖേല്‍ ആര്‍ട്ടെറ്റയുടെ കീഴില്‍ ഗണ്ണേഴ്‌സ് 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പ്രീമിയര്‍ ലീഗ് കിരീടം തിരിച്ചുപിടിച്ച ചരിത്ര നിമിഷത്തിനൊപ്പമാണ് ഡൗമാന്റെ ഈ വ്യക്തിഗത നേട്ടവും ക്ലബിന് ഇരട്ടി മധുരമാകുന്നത്. ഭാവി ഫുട്‌ബോളിലെ വന്‍ പ്രതിഭയെന്ന് ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്ന ഡൗമാന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലാവും ഈ കിരീടധാരണം.















