ലണ്ടന്‍: സ്പാനിഷ് ടെന്നീസ് സൂപ്പര്‍ താരം കാര്‍ലോസ് അല്‍കാരസിനെ കളിക്കളത്തില്‍ വീണ്ടും കാണാന്‍ ആരാധകര്‍ ഇനിയും ഏറെ നാള്‍ കാത്തിരിക്കേണ്ടി വരും. വരാനിരിക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ നിന്ന് താരം നേരത്തെ പിന്മാറിയിരുന്നു. ഇതിന് പിന്നാലെ ഈ സീസണിലെ വിംബിള്‍ഡണ്‍ ടൂര്‍ണമെന്റിലും തനിക്കു കളിക്കാനാവില്ലെന്ന് ലോക രണ്ടാം നമ്പര്‍ താരം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ തുടര്‍ച്ചയായ രണ്ട് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളാണ് താരത്തിന് നഷ്ടമാകുന്നത്.
വലതുകൈയില്‍ ഏറ്റ പരിക്കാണ് ഏഴ് തവണ ഗ്രാന്‍ഡ് സ്ലാം ജേതാവായ ഈ 23-കാരന് വിനയായത്. പരിക്കില്‍ നിന്നുള്ള മോചനം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഗ്രാസ് കോര്‍ട്ട് സീസണിലേക്ക് പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് താരം അറിയിച്ചു. വിംബിള്‍ഡണിന് മുന്നോടിയായി നടക്കുന്ന ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പിലും രണ്ട് തവണ വിംബിള്‍ഡണ്‍ ജേതാവായ അല്‍കാരസ് പങ്കെടുക്കില്ല.
‘എന്റെ ആരോഗ്യം വീണ്ടെടുക്കല്‍ നല്ല രീതിയില്‍ നടക്കുന്നുണ്ട്, ഇപ്പോള്‍ വളരെ ഭേദമുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മത്സരരംഗത്തേക്ക് തിരിച്ചെത്താന്‍ മാത്രം ഞാന്‍ ഇപ്പോഴും സജ്ജനായിട്ടില്ല. അതുകൊണ്ടാണ് ക്വീന്‍സ് ക്ലബിലെയും വിംബിള്‍ഡണിലെയും ഗ്രാസ് കോര്‍ട്ട് മത്സരങ്ങളില്‍ നിന്ന് എനിക്ക് പിന്മാറേണ്ടി വരുന്നത്. എനിക്ക് ഏറെ സവിശേഷമായ രണ്ട് ടൂര്‍ണമെന്റുകളാണവ, ഞാന്‍ അവ ഒത്തിരി മിസ്സ് ചെയ്യും. എത്രയും വേഗം കോര്‍ട്ടിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ തുടരുകയാണ്,’ അല്‍കാരസ് എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ ഏപ്രിലില്‍ നടന്ന ബാഴ്സലോണ ഓപ്പണിന്റെ ഒന്നാം റൗണ്ട് മത്സരത്തിനിടെയാണ് അല്‍കാരസിന് പരിക്കേല്‍ക്കുന്നത്. ആ മത്സരത്തിന് ശേഷം പരിക്ക് അലട്ടിയതിനെ തുടര്‍ന്ന് താരം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുകയായിരുന്നു. പിന്നീട് നടത്തിയ മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമാണ് റോം മാസ്റ്റേഴ്‌സിലും റോളാണ്ട് ഗാരോസിലും (ഫ്രഞ്ച് ഓപ്പണ്‍) പങ്കെടുക്കേണ്ടതില്ലെന്ന് താരം തീരുമാനിച്ചത്. കരിയറിലെ പ്രയാസമേറിയ നിമിഷമാണിതെന്നും എന്നാല്‍ കൂടുതല്‍ കരുത്തോടെ താന്‍ തിരിച്ചെത്തുമെന്നും താരം മുന്‍പ് വ്യക്തമാക്കിയിരുന്നു.
കരിയറില്‍ ഫ്രഞ്ച് ഓപ്പണും (2024, 2025) വിംബിള്‍ഡണും (2023, 2024) രണ്ട് തവണ വീതം സ്വന്തമാക്കിയിട്ടുള്ള താരമാണ് അല്‍കാരസ്. കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍ ഫൈനലിലും താരം എത്തിയിരുന്നെങ്കിലും ഇറ്റാലിയന്‍ താരം യാനിക്ക് സിന്നറോട് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെ ആവേശപ്പോരാട്ടത്തില്‍ അല്‍കാരസ് സിന്നറെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു.















