വാഷിങ്ടണ്‍: ഇറാനില്‍ തുടരുന്ന കടുത്ത സൈനിക നീക്കങ്ങള്‍ക്കിടയില്‍ അമേരിക്കന്‍ വ്യോമസേനയ്‌ക്ക് വന്‍ തിരിച്ചടിയുണ്ടായതായി യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ (ഇഞട) ഏറ്റവും പുതിയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു. യുദ്ധത്തില്‍ പങ്കെടുത്ത അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉള്‍പ്പെടെ കുറഞ്ഞത് 42 സൈനിക വിമാനങ്ങളെങ്കിലും ഒന്നുകില്‍ പൂര്‍ണ്ണമായി തകരുകയോ അല്ലെങ്കില്‍ ഗുരുതരമായ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
എഫ്-15ഇ സ്ട്രൈക്ക് ഈഗിള്‍ ജെറ്റുകള്‍, ഒരു എഫ്-35എ ലൈറ്റ്നിംഗ് 2, എ-10 തണ്ടര്‍ബോള്‍ട്ട് 2, കെസി-135 റീഫ്യൂവലിങ് വിമാനം, ഇ-3 സെന്‍ട്രി എഡബ്ല്യുഎസിഎസ്, എംസി-130 ജെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് വിമാനം, എച്ച്എച്ച്-60 ഡബ്ല്യു ഹെലികോപ്റ്ററുകള്‍ എന്നിവയ്‌ക്ക് പുറമെ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഒന്നിലധികം എംക്യു-9 റീപ്പര്‍ ഡ്രോണുകളും തകര്‍ന്നവയുടെ പട്ടികയിലുണ്ട്.
വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍, പെന്റഗണിന്റെ ഔദ്യോഗിക അറിയിപ്പുകള്‍, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നല്‍കിയ വിവരങ്ങള്‍ എന്നിവ വിശകലനം ചെയ്താണ് സിആര്‍എസ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍, തങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ പൂര്‍ണ്ണമായ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിടാന്‍ യുഎസ് പ്രതിരോധ വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.
അതേസമയം, യുദ്ധമുഖത്തെ സൈനിക നീക്കങ്ങള്‍ക്കായി പെന്റഗണിന് വന്‍ തുക ചിലവഴിക്കേണ്ടി വരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ ഏകദേശം 29 ബില്യണ്‍ ഡോളറിനടുത്താണ് (ഏകദേശം 2.4 ലക്ഷം കോടി രൂപ) അമേരിക്കയുടെ യുദ്ധച്ചെലവ്. മേഖലയില്‍ പോരാട്ടം നീണ്ടുപോകുന്നതിനാല്‍ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍, പുതിയവ വാങ്ങല്‍, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കായി വരുംദിവസങ്ങളില്‍ ചിലവ് ഇനിയും കുത്തനെ ഉയരുമെന്നാണ് വിലയിരുത്തല്‍.















