തൃശ്ശൂര്‍: സാംസ്‌കാരിക നഗരിയെ മണിക്കൂറുകളോളം ഭീതിയിലാഴ്‌ത്തിയ ആന ഒടുവില്‍ നിയന്ത്രണവിധേയമായി. പാറമേക്കാവ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിച്ചപ്പോഴാണ് കൊല്ലത്ത് നിന്ന് എത്തിച്ച ‘ശിവം ലക്ഷ്മി അയ്യപ്പന്‍’ എന്ന ആന പെട്ടെന്ന് വിരണ്ടോടിയത്. നഗരത്തിലൂടെയും ജനവാസ മേഖലകളിലൂടെയും പാഞ്ഞ ആന വ്യാപകമായ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്.
നിലവില്‍ ഒരു വീടിന് സമീപം ആനയെ തളച്ചിരിക്കുകയാണ്. പൂര്‍ണ്ണമായും ശാന്തനാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും എലിഫന്റ് സ്‌ക്വാഡും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നുണ്ട്. ചൂട് കുറയ്‌ക്കാനായി ആനയുടെ ശരീരത്തിലേക്ക് വെള്ളം പമ്പ് ചെയ്യുന്നുണ്ട്. സംഗീത എന്ന സ്ത്രീ സഞ്ചരിച്ചിരുന്ന കാര്‍ ആന കുത്തിമറിച്ച് പൂര്‍ണ്ണമായി നശിപ്പിച്ചു. അവിശ്വസനീയമായ രീതിയിലാണ് ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
പാച്ചിലിനിടയില്‍ ജനവാസ മേഖലയിലെ നിരവധി വീടുകളുടെ മതില്‍ക്കെട്ടുകളും ഗേറ്റുകളും ആന തകര്‍ത്തിട്ടുണ്ട്. ദീര്‍ഘനേരത്തെ ആശങ്കകള്‍ക്കൊടുവില്‍ ആന നിലയുറപ്പിച്ചതോടെ പ്രദേശവാസികളുടെ വലിയ ഭീതിക്ക് വിരാമമായിട്ടുണ്ട്.















