ബീജിങ്: വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലുണ്ടായ കല്‍ക്കരി ഖനിയിലെ വാതക സ്‌ഫോടനത്തില്‍ 82 പേര്‍ മരിച്ചു. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഖനി ദുരന്തങ്ങളിലൊന്നാണിത്. വെള്ളിയാഴ്ച വൈകിട്ടോടെ ക്വിന്‍യുവാന്‍ കൗണ്ടിയിലെ ‘ലിയുഷെന്യൂ’ കല്‍ക്കരി ഖനിയിലാണ് സ്‌ഫോടനമുണ്ടായത്. അപകടസമയത്ത് 247 തൊഴിലാളികള്‍ ഖനിക്കുള്ളില്‍ ഉണ്ടായിരുന്നു. ഇരുന്നൂറിലധികം തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ചതായും മരണസംഖ്യ കുറവാണെന്നുമായിരുന്നു ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, പിന്നീട് മരണസംഖ്യ കുത്തനെ ഉയര്‍ന്നതായി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഒന്‍പത് പേരെ ഇനിയും കണ്ടെത്താനുണ്ട്.
കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും ഊര്‍ജ്ജിതമായി തുടരുകയാണ്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക അടിയന്തര വിഭാഗം അധികൃതര്‍ അറിയിച്ചു. ദുരന്തത്തിന് പിന്നാലെ, പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും വീഴ്ച വരുത്തിയവര്‍ക്കെതിരെ നിയമപ്രകാരം കര്‍ശന നടപടിയെടുക്കാനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.
അപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍, ഖനി നടത്തിപ്പുകാരായ കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ കല്‍ക്കരി ഖനന മേഖല ദീര്‍ഘനാളായി സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്ന ഒന്നാണ്. വാതക സ്‌ഫോടനങ്ങളും വെള്ളപ്പൊക്കവും കാരണം മുന്‍പ് ഇവിടെ വലിയ അപകടങ്ങള്‍ പതിവായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കര്‍ശനമായ നിയമങ്ങളിലൂടെയും ആധുനിക സുരക്ഷാ മാനദണ്ഡങ്ങളിലൂടെയും അപകട മരണങ്ങളുടെ നിരക്ക് ഗണ്യമായി കുറയ്‌ക്കാന്‍ ചൈനയ്‌ക്ക് കഴിഞ്ഞിരുന്നു.
ഈ സുരക്ഷാ മുന്‍കരുതലുകള്‍ക്കിടയിലും, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ചൈനയിലെ കല്‍ക്കരി ഖനന മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ലിയുഷെന്യൂവിലുണ്ടായ ഈ പുതിയ സ്‌ഫോടനം.















