കോഴിക്കോട്: അത്തോളി കണ്ണംപോയിലിലെ ‘എസ്ആര്‍ ഓയില്‍ മില്‍’ ഇന്നലെയുണ്ടായ വന്‍ അഗ്‌നിബാധയില്‍ പൂര്‍ണ്ണമായി തകര്‍ന്നു. രാത്രിയോടെ ആളിപ്പടര്‍ന്ന തീ നാല് മണിക്കൂറിലധികം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് പൂര്‍ണ്ണമായും കെടുത്താനായത്. മില്ലില്‍ സൂക്ഷിച്ചിരുന്ന 2000 ലിറ്ററോളം വെളിച്ചെണ്ണയും വലിയ തോതിലുള്ള കൊപ്രയും തേങ്ങയും ഉള്‍പ്പെടെയുള്ള ശേഖരം പൂര്‍ണ്ണമായി കത്തിയമര്‍ന്നു. കെട്ടിടം ഇപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഞ്ച് യൂണിറ്റുകളില്‍ നിന്നുള്ള 20 അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏറെ ദുഷ്‌കരമായ സാഹചര്യത്തിലാണ് സംഘം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.
ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ അപകടത്തിന് പിന്നിലെന്ന് വ്യക്തമല്ല. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനായി പോലീസും ഫയര്‍ഫോഴ്‌സും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















