തിരുവനന്തപുരം: ഇത്തവണത്തെ ബലിപെരുന്നാള്‍ പ്രമാണിച്ച് കേരളത്തില്‍ രണ്ട് ദിവസത്തെ ഔദ്യോഗിക അവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. മേയ് 27, 28 (ബുധന്‍, വ്യാഴം) തീയതികളിലാണ് സംസ്ഥാനത്ത് പൊതു അവധി ലഭിക്കുക. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക് പുറമെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്കും ഈ രണ്ട് ദിവസങ്ങളില്‍ അവധിയായിരിക്കും.
നേരത്തെ പുറപ്പെടുവിച്ച കലണ്ടര്‍ പ്രകാരം മേയ് 27-നായിരുന്നു പെരുന്നാള്‍ അവധി നിശ്ചയിച്ചിരുന്നത്. എന്നാല്‍, മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ മേയ് 28-നാണ് പെരുന്നാള്‍ ആഘോഷിക്കുന്നത് എന്ന് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ആഘോഷ ദിവസമായ 28-നും കൂടി അവധി വേണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് മുന്‍പ് നിശ്ചയിച്ച 27-ലെ അവധി നിലനിര്‍ത്തിക്കൊണ്ടുതന്നെ, 28-നും കൂടി പുതുതായി അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തുടര്‍ച്ചയായി രണ്ട് ദിവസത്തെ പെരുന്നാള്‍ അവധി ലഭിക്കും.















