ടെഹ്റാന്‍: മാസങ്ങളായി പശ്ചിമേഷ്യയെ പിടിച്ചുകുലുക്കിയ സൈനിക അനിശ്ചിതത്വങ്ങള്‍ക്ക് അറുതിവരുത്തിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള അന്തിമ സമാധാന ഉടമ്പടി യാഥാര്‍ത്ഥ്യത്തിലേക്ക്. മൂന്ന് മാസമായി തുടരുന്ന കടുത്ത യുദ്ധസമാനമായ അന്തരീക്ഷം ലഘൂകരിക്കുന്നതിനായി നടന്ന് വരുന്ന നയതന്ത്ര ചര്‍ച്ചകള്‍ വന്‍ വിജയത്തിലേക്ക് നീങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിട്ടുവീഴ്ചകള്‍ക്ക് ഇരുരാജ്യങ്ങളും തയ്യാറായതോടെ മേഖലയില്‍ ദീര്‍ഘകാല സമാധാനം പുലരുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങള്‍.
ഇരുപക്ഷവും തമ്മിലുള്ള ഏറ്റവും വലിയ തര്‍ക്കവിഷയമായ യുറേനിയം സമ്പുഷ്ടീകരണത്തില്‍ ഇറാന്‍ തങ്ങളുടെ കടുത്ത നിലപാടുകളില്‍ ഇളവ് വരുത്തിയതാണ് പുതിയ പുരോഗതിക്ക് കാരണം. തങ്ങളുടെ പക്കലുള്ള ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഉപേക്ഷിക്കാന്‍ ടെഹ്റാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കരാര്‍ പ്രകാരം ഈ യുറേനിയം ശേഖരം യുഎസിന് നേരിട്ട് കൈമാറുമോ, അതോ റഷ്യ ഉള്‍പ്പെടെയുള്ള ഏതെങ്കിലും മൂന്നാം രാജ്യത്തിലേക്ക് മാറ്റുമോ എന്നതില്‍ ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്. ആണവായുധ നിര്‍മാണത്തിലേക്ക് ഇറാന്‍ കടക്കുന്നത് പൂര്‍ണ്ണമായി തടയുകയാണ് അമേരിക്കയുടെ ലക്ഷ്യമെങ്കില്‍, തങ്ങള്‍ക്ക് മേലുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ നീക്കിക്കിട്ടുക എന്നതിനാണ് ഇറാന്‍ മുന്‍ഗണന നല്‍കുന്നത്.
നിലവിലുള്ളത് സമാധാനത്തിനായുള്ള ഒരു പ്രാഥമിക രൂപരേഖ മാത്രമാണെന്നും യുദ്ധം പൂര്‍ണ്ണമായി അവസാനിപ്പിക്കാനാണ് നിലവില്‍ ശ്രമിക്കുന്നതെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആണവ വിഷയങ്ങളിലെ കൂടുതല്‍ സങ്കീര്‍ണ്ണമായ ചര്‍ച്ചകള്‍ അടുത്ത 30 മുതല്‍ 60 ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്നാണ് സൂചന.
ആഗോള എണ്ണവ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്ന കാര്യത്തിലും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മാസങ്ങളായി തുടരുന്ന ഈ കടലിടുക്കിന്റെ അടച്ചിടല്‍ ലോകമെമ്പാടുമുള്ള ഇന്ധന വിതരണത്തെയും വിലയെയും സാരമായി ബാധിച്ചിരുന്നു. ഈ പാത തുറക്കുന്നതോടെ ആഗോള സമ്പദ്വ്യവസ്ഥയ്‌ക്കും വലിയ ആശ്വാസമാകും.















