ബുക്കാറെസ്റ്റ്: സൂപ്പര്‍ ചെസ്സ് ക്ലാസിക് 2026 ടൂര്‍ണമെന്റില്‍ ജര്‍മ്മനിയുടെ യുവ ഗ്രാന്‍ഡ്മാസ്റ്റര്‍ വിന്‍സെന്റ് കീമര്‍ക്ക് കിരീടം. ആവേശകരമായ അവസാന റൗണ്ടില്‍ നെതര്‍ലന്‍ഡ്സിന്റെ ജോര്ഡന് വാന്‍ ഫോറസ്റ്റിനെ പരാജയപ്പെടുത്തിയാണ് കീമര്‍ കിരീടം ചൂടിയത്. ഗ്രാന്‍ഡ് ചെസ്സ് ടൂറിലെ മുഴുവന്‍ സമയ കളിക്കാരനായി മാറിയ ശേഷമുള്ള കീമറുടെ ആദ്യ വര്‍ഷമാണിത്, പങ്കെടുത്ത ആദ്യ പരിപാടിയില്‍ തന്നെ താരം കിരീട നേട്ടത്തോടെ തുടക്കം ഗംഭീരമാക്കി.
ഏഴാം റൗണ്ടില്‍ ജാവോഖിര്‍ സിന്ദാരോവിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും, തുടര്‍ന്ന് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ കീമര്‍ ഒന്‍പതില്‍ 6 പോയിന്റ് (6/9) നേടിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. അമേരിക്കയുടെ ഫാബിയാനോ കരുവാന 5.5 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. ജാവോഖിര്‍ സിന്ദാരോവ്, വെസ്ലി സോ എന്നിവര്‍ 5 പോയിന്റ് വീതം നേടി യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ പങ്കിട്ടു.
ചാമ്പ്യന്‍ഷിപ്പിലെ തകര്‍പ്പന്‍ പ്രകടനത്തോടെ 1,00,000 ഡോളര്‍ സമ്മാനത്തുകയും 31,000 ഡോളര്‍ ബോണസും വിന്‍സെന്റ് കീമര്‍ സ്വന്തമാക്കി. ഇതിനുപുറമെ 13 ഗ്രാന്‍ഡ് ചെസ്സ് ടൂര്‍ പോയിന്റുകളും 7.8 എലോ റേറ്റിംഗും താരം നേടി. ഇതോടെ തത്സമയ ലോക റാങ്കിംഗില്‍ ആറാം സ്ഥാനത്തേക്ക് ഉയരാനും കീമര്ക്കായി. അടുത്തിടെ നടന്ന ഗ്രെന്‍കെ ഫ്രീസ്റ്റൈല്‍ 2026-ല്‍ ഒരൊറ്റ മത്സരത്തില്‍ പോലും തോല്‍ക്കാതെ കിരീടം നേടിയ കീമര്‍, ഇപ്പോള്‍ സൂപ്പര്‍ ചെസ്സ് ക്ലാസിക് റൊമാനിയയും സ്വന്തമാക്കി തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്ന് തെളിയിച്ചിരിക്കുകയാണ്.
ടൂര്‍ണമെന്റിലുടനീളം മികച്ച പോരാട്ടവീര്യമാണ് കീമര്‍ കാഴ്ചവെച്ചത്. ഏഴാം റൗണ്ടിലെ തോല്‍വിക്ക് ശേഷം, എട്ടാം റൗണ്ടില്‍ ഫാബിയാനോ കരുവാനയ്ക്കെതിരെ കഠിനമായ പൊസിഷനില്‍ നിന്ന് സമനില പിടിച്ച താരം, അവസാന റൗണ്ടില്‍ വെള്ള കരുക്കളുമായി കളിച്ച് ജോര്‍ഡനെതിരെ നിര്‍ണ്ണായക വിജയം നേടുകയായിരുന്നു. ഈ റൗണ്ടിന് മുന്‍പ് കീമറും കരുവാനയും സംയുക്തമായി മുന്നിലായിരുന്നതിനാല്‍ ഫൈനല്‍ മത്സരം ഏറെ നിര്‍ണ്ണായകമായിരുന്നു. ഈ വര്‍ഷം വിന്‍സെന്റും ജോര്‍ഡനും തമ്മിലുള്ള മൂന്നാമത്തെ ക്ലാസിക്കല്‍ പോരാട്ടമായിരുന്നു ഇത്. ഇതിനുമുമ്പ് ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സിലും പ്രാഗ് മാസ്റ്റേഴ്സിലും ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജോര്‍ഡനായിരുന്നു വിജയം. എന്നാല്‍ മൂന്നാം പോരാട്ടത്തില്‍ കീമര്‍ കൃത്യമായ മറുപടി നല്കി.
തുടക്കത്തില്‍ തന്നെ ജോര്ഡന് വാന്‍ ഫോറസ്റ്റിന് സംഭവിച്ച വലിയൊരു പിഴവാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഓപ്പണിംഗില്‍ ജോര്ഡന് കളിച്ച 15…qa5 എന്ന നീക്കം വിന്‍സെന്റ് കീമറിന് 16.ND5 എന്ന ശക്തമായ നീക്കത്തിലൂടെ എക്സ്ചേഞ്ച് നേടാനും കളിയില്‍ വ്യക്തമായ മേധാവിത്വം ഉറപ്പിക്കാനും അവസരമൊരുക്കി.















