റിയോ ഡി ജനീറോ: കായികലോകം കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക തീം സോങ് പുറത്തിറങ്ങി. ആഗോള പോപ്പ് ഐക്കണ്‍ ഷക്കീറ ആലപിച്ച ‘ദായ് ദായ്’ എന്ന ഗാനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഫുട്ബോള്‍ പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രശസ്ത നൈജീരിയന്‍ ആഫ്രോബീറ്റ്സ് ഗായകന് ബേര്‍ണാ ബോയ്യും ഷക്കീറയ്ക്കൊപ്പം ഈ സംഗീതവിരുന്നില്‍ പങ്കാളിയാകുന്നുണ്ട്.
മുന്നോട്ട് കുതിക്കൂ എന്ന അര്‍ത്ഥം വരുന്ന ഇറ്റാലിയന്‍ വാക്കാണ് ‘ദായ്’. ലാറ്റിന്‍ പോപ്പ് ശൈലിയും ആഫ്രോബീറ്റ്സും സമന്വയിപ്പിച്ച് ഒരുക്കിയിരിക്കുന്ന ഈ ഗാനത്തില്‍ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജാപ്പനീസ് എന്നീ നാല് ഭാഷകളുടെ വരികള്‍ മനോഹരമായി കോര്‍ത്തിണക്കിയിരിക്കുന്നു. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള മ്യൂസിക് വീഡിയോയില്‍ ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലാന്‍ഡ്, വിനീഷ്യസ് ജൂനിയര്‍ തുടങ്ങിയ സമകാലിക ഫുട്ബോളിലെ വന്‍ താരങ്ങള്‍ അണിനിരക്കുന്നുണ്ട്.
പാട്ടിനൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത് ഷക്കീറയുടെ ഗ്ലാമറും മെയ്വഴക്കവുമാണ്. അമ്പതാം വയസ്സിലേക്ക് അടുക്കുമ്പോഴും ഇരുപതുകാരെ വെല്ലുന്ന ഊര്‍ജ്ജത്തോടെയാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. 2010-ല്‍ ദക്ഷിണാഫ്രിക്കയെ ഇളക്കിമറിച്ച ‘വക്കാ വക്കാ’, 2014-ലെ ‘ലാ ലാ ലാ’ എന്നീ വിശ്വപ്രസിദ്ധ ഗാനങ്ങള്‍ക്ക് ശേഷം ലോകകപ്പ് സംഗീത വേദിയിലേക്കുള്ള ഷക്കീറയുടെ രാജകീയമായ തിരിച്ചുവരവാണ് ഈ പുതിയ ട്രാക്ക്.















