ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗുല്‍മാര്‍ഗില്‍ ഗൊണ്ടോള കേബിള്‍ കാര്‍ ശൃംഖലയിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് നൂറുകണക്കിന് വിനോദസഞ്ചാരികള്‍ വായുവില്‍ കുടുങ്ങി. ബേസ് സ്റ്റേഷനും ഫേസ്-വണ്ണിനും ഇടയിലാണ് കേബിള്‍ കാര്‍ സര്‍വീസ് പെട്ടെന്ന് നിലച്ചത്. കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ഇന്ത്യന്‍ സൈന്യവും സംസ്ഥാന ദുരന്തനിവാരണ സേനയുംചേര്‍ന്നുള്ള വന്‍ രക്ഷാപ്രവര്‍ത്തനം പ്രദേശത്ത് പുരോഗമിക്കുകയാണ്.
പ്രാദേശിക ഭരണകൂടത്തിന്റെ അടിയന്തര സന്ദേശം ലഭിച്ചയുടന്‍ തന്നെ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയതായി ഇന്ത്യന്‍ ആര്‍മി പ്രസ്താവനയില്‍ അറിയിച്ചു. സൈന്യത്തിന്റെ ബറ്റാലിയന്‍ മൂന്ന് ‘കാഷ്വാലിറ്റി അസിസ്റ്റന്‍സ് ടീമുകളെ’ ഈ റൂട്ടില്‍ വിന്യസിച്ചിട്ടുണ്ട്. ദുര്‍ഘടമായ ഭൂപ്രകൃതിയിലുള്ള രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ ഒരു ഓള്‍-ടെറൈന്‍ വാഹനവും രംഗത്തിറക്കിയിട്ടുണ്ട്.
സാങ്കേതിക തകരാര്‍ മൂലം ആകെ 65 കേബിള്‍ കാറുകളെയാണ് പ്രതിസന്ധി ബാധിച്ചത്. ഇതില്‍ 46 കേബിള്‍ കാറുകളില്‍ ഉണ്ടായിരുന്ന 286 വിനോദസഞ്ചാരികളെ രക്ഷാസേന ഇതുവരെ സുരക്ഷിതമായി താഴെയിറക്കി. ബാക്കിയുള്ളവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനൊപ്പം തകരാറിനുള്ള കാരണം കണ്ടെത്താന്‍ സാങ്കേതിക വിദഗ്ധരുടെ സംഘം പരിശോധന നടത്തുന്നുണ്ട്.
ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സാഹചര്യം നേരിട്ട് വിലയിരുത്തുന്നുണ്ട്. ചീഫ് സെക്രട്ടറി അടല്‍ ഡുല്ലൂ സ്ഥിതിഗതികള്‍ ലഫ്റ്റനന്റ് ഗവര്‍ണറെ ധരിപ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് നളിന്‍ പ്രഭാതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ വിനോദസഞ്ചാരികളെയും സുരക്ഷിതമായി ഒഴിപ്പിക്കാന്‍ പരിശീലനം ലഭിച്ച രക്ഷാപ്രവര്‍ത്തകര്‍ രംഗത്തുണ്ടെന്നും മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള അറിയിച്ചു.















