കൊല്ലം: പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികൾ അറസ്റ്റിലായി. ഇടുക്കി കട്ടപ്പന വെളിനാംകണ്ടം കൽപ്പോത്തി നെല്ലിമൂട്ടിൽ വീട്ടിൽ ഗായത്രി മോഹൻ (26), കൊല്ലം ശൂരനാട് സ്വദേശി ആരതി (24) എന്നിവരാണ് അറസ്റ്റിലായത്. ആറന്മുള പൊലീസ് സ്റ്റേഷനിലെ സി.പി.ഒയായ വിവേകിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ കത്തിയെരിഞ്ഞത്.
വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണ് ബൈക്ക് കത്തിക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു. വിവേകും ആരതിയും തമ്മിൽ പരിചയത്തിലായിരുന്നു എന്നാണ് വിവരം. ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നെങ്കിലും യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറി. ഇതാണ് ബൈക്ക് കത്തിക്കാനുള്ള കാരണം എന്നാണ് യുവതികൾ പൊലീസിനോട് പറഞ്ഞത്.
തിരുവനന്തപുരത്തെ ഒരു എൻട്രൻസ് കോച്ചിങ് സെന്‍ററിലെ വിദ്യാർത്ഥികളാണ് ആരതിയും ഗായത്രിയും. തിങ്കളാഴ്ച രാവിലെ സമീപത്തെ ലോഡ്ജിൽ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് കസ്റ്റഡിയിൽ ആയ ആരതിയെ എലി വിഷം ഉള്ളിൽ ചെന്ന നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈദ്യപരിശോധക്ക് വിധേയമാക്കിയ ശേഷം തിരികെ അഞ്ചലിലേക്കുള്ള യാത്രക്കിടെയാണ് ആരതി എലിവിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്.















