ലക്നൗ: യുപിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊടും ക്രിമിനലുകൾ കൊല്ലപ്പെട്ടു. അലിഗഢിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. റാസ മുഹമ്മദ്, മോമിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
ഹാപൂർ ജില്ലയിലെ സിംഭോലി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന റാസ മുഹമ്മദിനെതിരെ ബലാത്സംഗം അടക്കം 40 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബുലന്ദ്ഷഹർ സ്വദേശിയായ മോമിനെതിരെ 27 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ സ്ത്രീകളെ ഉപദ്രവിച്ച് സ്വർണാഭരണം കൊള്ളയടിച്ച കേസിലാണ് ഇവർ പ്രതികളായത്. സ്ഥിരം കുറ്റവാളിയായ റാസ മുഹമ്മദ് കഴിഞ്ഞ ഏപ്രിലിലാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. പിന്നാലെ വീണ്ടും സ്ത്രീകളെ ഉപദ്രവിക്കുകയായിരുന്നു.
കുറ്റവാളികളെ കണ്ടെത്താൻ പൊലീസ് ഓപ്പറേഷൻ ശക്തമാക്കുന്നതിനിടെയാണ് ഇവരുടെ രഹസ്യതാവളത്തെ പറ്റി പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് സംഘം പ്രദേശം വളഞ്ഞതോടെ ഇവർ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.















