കോഴിക്കോട്: വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ജെസി എന്ന സ്ത്രീ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും മണ്ഡലത്തിലെ ജനപ്രതിനിധികള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി രംഗത്ത്. ഉപജീവനത്തിനായി ജോലിക്ക് പോയ സ്ത്രീ വന്യജീവി ആക്രമണത്തിന് ഇരയായത് അത്യന്തം വേദനാജനകമാണെന്നും, ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ് ഇതിലൂടെ തകര്‍ന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. മലയോര മേഖലയിലുള്ളവര്‍ക്ക് സ്വന്തം വീടുകളില്‍ പോലും ജീവിക്കാന്‍ ഭയക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
മണ്ഡലത്തെ മുന്‍പ് പ്രതിനിധീകരിച്ച രാഹുല്‍ ഗാന്ധി വലിയ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ യാതൊരു ശ്രമവും നടത്തിയില്ലെന്ന് അനൂപ് ആന്റണി കുറ്റപ്പെടുത്തി. നിലവിലെ എംപിയായ പ്രിയങ്ക വാദ്രയും ജനങ്ങളെ ബാധിക്കുന്ന ഈ ഗുരുതരമായ വിഷയത്തില്‍ പുലര്‍ത്തുന്ന നിശബ്ദത വെടിയാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കാലത്തെ പൊള്ളയായ വാഗ്ദാനങ്ങളല്ല, മറിച്ച് തങ്ങളുടെ ജീവന് സുരക്ഷയേകുന്ന നടപടികളാണ് വയനാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. നിരപരാധികളായ മനുഷ്യര്‍ കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുമ്പോള്‍ അധികാരികള്‍ പുലര്‍ത്തുന്ന മൗനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭരണകൂടത്തിന്റെ കടുത്ത അനാസ്ഥയും രാഷ്‌ട്രീയ നേതാക്കളുടെ പരാജയവുമാണ് വയനാട്ടുകാരെ ദുരിതത്തിലാക്കുന്നത്. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















