തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും അദ്ദേഹവുമായും അദ്ദേഹത്തിന്റെ മകൾ വീണ വിജയനുമായും ബന്ധപ്പെട്ട 12 ഇടങ്ങളിലും ഇ.ഡി പരിശോധന. കണ്ണൂരിലെ അദ്ദേഹത്തിന്റെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വീട്ടിലും ഉൾപ്പെടെയാണ് പരിശോധന നടക്കുന്നത്. ബേക്കറി ജംക്ഷനിലെ വീട്ടിനുള്ളിൽ പിണറായി വിജയനുണ്ട് എന്നാണ് റിപ്പോർട്ട്. സിഎംആർഎൽ എക്സാലോജിക്സ് കേസിൽ ആരോപണ വിധേയായ അദ്ദേഹത്തിന്റെ മകൾ വീണയും കുടുംബവും ആ വീട്ടിലുണ്ട്.
പുലർച്ചെയോടെ വീട്ടിലെത്തിയ ഇ.ഡി ഉദ്യോഗസ്ഥർ കനത്ത സുരക്ഷയിലാണ് വീട്ടിനുള്ളിൽ പ്രവേശിച്ചിരിക്കുന്നത് എന്നാണ് വിവരം. പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയിലിന്റെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്ന കേസിലാണ് ഇ ഡിയുടെ അന്വേഷണം.
കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. കൊച്ചിയിലെ സിഎംആര്‍എല്‍ ഓഫീസിലും ശശിധരൻ കർത്തയുടെ വീട്ടിലും ഈ ഡി റെയ്ഡ് ഉണ്ട്.
സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറില്‍ ഇ ഡിയുടെ അന്വേഷണം തുടരാമെന്ന് ഹെെക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇ ഡി അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച്, അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ഇ ഡിയുടെ ആവശ്യം അംഗീകരിച്ചു. എക്‌സാലോജിക് സൊല്യൂഷന്‍സ് സേവനം നല്‍കാതെ സിഎംആര്‍എലില്‍ നിന്ന് ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആക്ഷേപമാണ് ഇ ഡി അന്വേഷിക്കുന്നത്. ഈ അനധികൃത സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ ഉൾപ്പെടുന്നതിനാലാണ് ഇഡി അന്വേഷണം നടക്കുന്നത്.















