തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ റെയ്ഡിന് പിന്നാലെ അന്വേഷണം ശക്തമാക്കാൻ ഒരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). റെയ്ഡിൽ പിടിച്ചെടുത്ത നിർണായക രേഖകൾ വിശദമായി പരിശോധിച്ച ശേഷമാകും ഇഡിയുടെ അടുത്ത ഘട്ട തുടർനടപടികൾ. ഇതിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ അടക്കമുള്ളവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ഉടൻ നോട്ടീസ് നൽകും.
ഇന്നലെ നടന്ന റെയ്ഡിൽ വളരെ പ്രധാനപ്പെട്ട രേഖകൾ ലഭിച്ചതായി ഇഡി സ്ഥിരീകരിച്ചിട്ടുണ്ട്. സിഎംആർഎല്ലിൽ നിന്നും എക്സാലോജിക് കമ്പനിക്ക് ലഭിച്ച പണത്തിന്റെ രേഖകൾക്ക് പുറമെ, കമ്പനിയിൽ നിന്നും കൈക്കൂലിയായി പണം പറ്റിയ മറ്റ് പ്രമുഖ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളും റെയ്ഡിലൂടെ ഇഡിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കാനാണ് കേന്ദ്ര ഏജൻസിയുടെ തീരുമാനം.
മുൻപ് നടന്ന പ്രാഥമിക ചോദ്യം ചെയ്യലിൽ ചില കാര്യങ്ങളിൽ വ്യക്തതക്കുറവ് ഉണ്ടായ സാഹചര്യത്തിലാണ് വീണ വിജയനെ വീണ്ടും വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുന്നത്. എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് ഏത് തരത്തിലുള്ള ഐടി സൊല്യൂഷനുകളാണ് നൽകിയതെന്നും, അതിനായി നടത്തിയ ഇടപാടുകളുടെ യഥാർത്ഥ രേഖകൾ കണ്ടെത്തുകയുമാണ് ഇഡിയുടെ പ്രധാന ലക്ഷ്യം. നിലവിൽ ഈ കേസുമായി ബന്ധപ്പെട്ട് ഏകദേശം 18 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിട്ടുണ്ട്.















