പത്തനംതിട്ട: പന്തളത്ത് വൻതോതിൽ എംഡിഎംഎ പിടിച്ചെടുത്ത കേസിൽ മൂന്നാം പ്രതിയായ യുവതി അറസ്റ്റിൽ. പന്തളം കടക്കാട് സ്വദേശിനി വാഴക്കാലയിൽ വീട്ടിൽ മുഹമ്മദ് ഷായുടെ ഭാര്യ ഷെബീന ഖാൻ (29) ആണ് പിടിയിലായത്.
ഈ മാസം 15 ന് കച്ചവടത്തിനായി കാറിൽ കടത്തിക്കൊണ്ടുവന്ന 395.296 ഗ്രാം എംഡിഎംഎ ജില്ല ഡാൻസാഫ് ടീമും പന്തളം പോലീസും പിടികൂടിയിരുന്നു. ജില്ലയിൽ ഏറ്റവും കൂടിയ അളവിൽ എംഡിഎംഎ പിടിച്ചെടുത്ത രണ്ടാമത്തെ കേസാണിത്. കാറിൽ ഉണ്ടായിരുന്ന അടൂർ പാറക്കോട് സ്വദേശി തറയിൽ വീട്ടിൽ ഷംനാദ്, അടൂർ കോട്ടമുകൾ പാലവിളയിൽ വീട്ടിൽ മുഹമ്മദ് ഷാൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
ഈ കേസിൽ അന്വേഷണം തുടരവേയാണ്, പ്രതികൾക്ക് എംഡിഎംഎ വാങ്ങുന്നതിനുള്ള പണം അക്കൗണ്ട് വഴി അയച്ചുകൊടുത്ത യുവതിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. തുടർന്ന് വ്യക്തമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഷെബീന ഖാനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു















