തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മകൾ വീണയ്‌ക്കെതിരെ നിർണായക തെളിവുകൾ ലഭിച്ചെന്ന് ഇ.ഡി വ്യക്തമാക്കി. വീണയെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താനുള്ള തെളിവുകൾ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് നൽകുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും.
വീണയുടെ വിദേശ ബാങ്ക് അക്കൗണ്ടിനെക്കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്. 2019 ൽ പ്രവർത്തനം അവസാനിപ്പിച്ച അബുദാബി കൊമേഴ്സ്യൽ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സി.എം.ആർ.എൽ എംഡി ശശിധരൻ കർത്തയിൽ നിന്നും കണ്ടെടുത്ത ഡയറിയിലുള്ള മറ്റ് പേരുകളെ കേന്ദ്രികരിച്ച് തെളിവ് ശേഖരണം ആരംഭിച്ചു
അതേസമയം, അന്വേഷണത്തിന് തടയിടാൻ സി.എം.ആർ .എൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കരിമണൽ കമ്പനിയിൽ നിന്നും ഏകദേശം 2.78 കോടിയാണ് വീണയുടെ കയ്യിലെത്തിയത്. പ്രതിമാസം അഞ്ച് ലക്ഷം വീണയുടെ അക്കൗണ്ടിലേക്കും മൂന്ന് ലക്ഷം വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ അക്കൗണ്ടിലുമാണ് നൽകിയിരുന്നത്.
പിണറായി മുഖ്യമന്ത്രിയായതിന് പിന്നാലെ 2017 ജനുവരി മുതൽ 2020 ജൂൺ വരെയാണ് പണം നൽകൽ. 2019ൽ സിഎംആർഎല്ലിൽ ആദായ വകുപ്പ് നടത്തിയ പരിശോധനയിലാണ് 1.72 കോടി വീണയ്‌ക്ക് നൽകിയെന്നാണ് കണ്ടെത്തിയത്. എന്നാൽ ഈ റെയ്ഡിന് ശേഷവും കരിമണൽ കമ്പനിയിൽ നിന്നും വീണയുടെ അക്കൗണ്ടിലേക്ക് പണം ഒഴുകിയെന്ന് സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ്( എസ്എഫ്ഐഒ) കണ്ടെത്തിയിരുന്നു. സി.എം.ആർ.എൽ മാത്രമാണ് എക്സാലോജിക്കിന്റെ പ്രധാന വരുമാന മാർഗവും പ്രധാന ക്ലയ്ൻറും.















