കോഴിക്കോട്: കൊടുവള്ളിയിൽ പെരുന്നാൾ ആഘോഷത്തിന്റെ പേരിൽ തിരക്കേറിയ ദേശീയപാതയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം. കോഴിക്കോട് – കൊല്ലഗൽ ദേശീയപാതയിലാണ് ഒരുസംഘം നടുറോഡിൽ പടക്കം പൊട്ടിച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും അപകടഭീതി പരത്തുകയും ചെയ്തത്.
വാഹനങ്ങൾ ചീറിപ്പാഞ്ഞുപോകുന്ന ഹൈവേയുടെ മധ്യത്തിൽ പരസ്യമായി പടക്കം പൊട്ടിച്ചതോടെ റോഡിലൂടെയുള്ള യാത്ര ദുസ്സഹമായി. ഇതിനെതിരെ നാട്ടുകാരും വഴിയാത്രക്കാരും രംഗത്തെത്തിയതോടെ രംഗം വഷളാവുകയും ഇത് കൈയാങ്കളിയിലും തർക്കത്തിലും കലാശിക്കുകയുമായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. തിരക്കേറിയ വഴിയിൽ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു യുവാക്കളുടെ ഈ അതിരുവിട്ട ആഘോഷം. ഇത് യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയുയർത്തുന്ന രീതിയിലായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.















