തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ പ്രഖ്യാപനങ്ങള്‍ കേവലം കടലാസ് ഒതുങ്ങാതെ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളോളം മാറിമാറി ഭരിച്ചും കഴിഞ്ഞ പത്തുവര്‍ഷമായി നിയമസഭയില്‍ തികച്ചും നിഷ്‌ക്രിയമായ പ്രതിപക്ഷമായി നിലകൊണ്ടും കേരളത്തെ ഇന്നത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് ഇതേ കോണ്‍ഗ്രസ് തന്നെയാണ്. അതിനാല്‍ അവരുടെ നയപ്രഖ്യാപനം വെറും പാഴ്വാക്കായി മാറരുതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പഴയകാലത്തെ അഴിമതിയുടെയും ദുര്‍ഭരണത്തിന്റെയും കറപുരണ്ട ചരിത്രം തിരുത്താനും ജനങ്ങള്‍ക്ക് ദൃശ്യമാകുന്ന രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാനത്തിന്റെ വികസന കാര്യത്തിലും രാഷ്‌ട്രീയ നിലപാടുകളിലും ബി.ജെ.പിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്. ജനക്ഷേമകരമായ ആ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി നിയമസഭയ്‌ക്കുള്ളില്‍ സര്‍ക്കാരിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ ബി.ജെ.പി മുന്നിലുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.















