മോണ്ടെവിഡിയോ: 2026 ലോകകപ്പിനുള്ള ഉറുഗ്വേ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ലൂയിസ് സുവാരസിനെ ഒഴിവാക്കിക്കൊണ്ടുള്ള പരിശീലകന് മാഴ്സെലോ ബിയല്‍സയുടെ പ്രഖ്യാപനം കായികലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഉറുഗ്വേയ്ക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ റെക്കോര്‍ഡിന് ഉടമയായ സുവാരസ് (69 ഗോളുകള്‍) ഒടുവിലായി ദേശീയ ജേഴ്സി അണിഞ്ഞത് 2024-ലായിരുന്നു. നിലവില്‍ എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി 11 മത്സരങ്ങളില്‍ നിന്ന് 6 ഗോളുകള്‍ നേടി മികച്ച ഫോമിലാണെങ്കിലും, സുവാരസിനെ ടീമിലേക്ക് തിരികെ വിളിക്കാന്‍ ബിയല്‍സ തയ്യാറായില്ല.
ഉറുഗ്വേയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളില്‍ ഡിഗോ ഗോഡിന് (161) തൊട്ടുപിന്നില്‍ 143 മത്സരങ്ങളുമായി രണ്ടാമതുള്ള താരമാണ് സുവാരസ്. അതുകൊണ്ടുതന്നെ സുവാരസിനെ ഒഴിവാക്കിയതിലൂടെ വലിയൊരു പരിചയസമ്പത്താണ് ടീമിന് നഷ്ടമാകുന്നത്. അതേസമയം, 134 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള 39 കാരനായ ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്ലേരയ്ക്ക് ടീമില്‍ ഇടം ലഭിച്ചിട്ടുണ്ട്. അത്ലറ്റിക്കോ മാഡ്രിഡിന്റെ സെന്റര്‍ ബാക്ക് ജോസെ മരിയ ഹിമെനെസിന് തന്റെ നൂറാം അന്താരാഷ്ട്ര മത്സരം പൂര്‍ത്തിയാക്കാനുള്ള അവസരവും ഈ ലോകകപ്പിലുണ്ട്.
യോഗ്യതാ മത്സരങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മിഡ്ഫീല്‍ഡര്‍ നാഹിതന് നാന്‍ഡെസിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതാണ് മറ്റൊരു അപ്രതീക്ഷിത തീരുമാനം. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് പരിശീലനത്തിനിടെ ഔറേലിയന്‍ ചൗമേനിയുമായുണ്ടായ തര്‍ക്കത്തില്‍ പരിക്കേറ്റ റയല്‍ മാഡ്രിഡ് താരം ഫെഡറിക്കോ വാല്വെര്ദെ പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി മുക്തനായി ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. മുന്‍ ലിവര്‍പൂള്‍ താരം ഡാര്വിന് നൂനിയസ് ആയിരിക്കും ഉറുഗ്വേയുടെ മുന്നേറ്റനിരയെ നയിക്കുകയെന്നാണ് സൂചന. ലോകകപ്പില്‍ കരുത്തരായ സ്പെയിന്, കേപ് വെര്‍ദെ, സൗദി അറേബ്യ എന്നിവര്‍ക്കൊപ്പമാണ് ഉറുഗ്വേ മത്സരിക്കുന്നത്.
ഉറുഗ്വേ ടീം
ഗോള്‍കീപ്പര്‍മാര്‍- സെര്‍ജിയോ റോച്ചെറ്റ്, ഫെര്‍ണാണ്ടോ മുസ്ലേര, സാന്റിയാഗോ മെലെ
പ്രതിരോധ നിര- ഗില്ലര്‍മോ വാറെല, റോണാള്‍ഡ് അരൂജോ, ജോസ് മരിയ ജിമിനെസ്, സാന്റിയാഗോ ബ്യൂണോ, സെബാസ്റ്റിയന് കാസെറെസ്, മത്തിയാസ് ഒലിവേര, ജോക്വിന്‍ പിക്വെറെസ്, മത്തിയാസ് വിന
മദ്ധ്യനിര- മാനുവല്‍ ഉഗാര്‍ത്തെ, എമിലിയാനോ മാര്‍ട്ടിനെസ്, റോഡ്രിഗോ ബെന്റാന്‍കുര്‍, ഫെഡെറിക്കോ വാല്വെര്ദെ, അഗസ്റ്റിന് കനോബിയോ, യുവാന്‍ മാനുവല്‍ സനാബ്രിയ, ജിയോര്ഗന് ഡെ അറാസ്കേറ്റ, നിക്കോളാസ് ഡി ലാ ക്രൂസ്, റോഡ്രിഗോ സലാസര്‍, ഫാകുന്‍ഡോ പെല്ലിസ്ട്രി, മാക്സിമിലിയാനോ അരൂജോ, ബ്രയാന്‍ റോഡ്രിഗസ്
മുന്നേറ്റ നിര- റോഡ്രിഗോ അഗ്വിര്‍, ഫെഡെറികോ വിനാസ്, ഡാര്വിന് ന്യൂനസ്















