മെല്‍ബണ്‍: 2026 ലോകകപ്പിനുള്ള 26 അംഗ അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ടീം. വിപുലമായ ട്രെയിനിങ് ക്യാമ്പിനൊടുവില്‍ മുഖ്യ പരിശീലകന്‍ ടോണി പോപോവിച്ച് പ്രഖ്യാപിച്ച ടീമില്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് രണ്ട് അണ്‍ക്യാപ്പ്ഡ് (അന്താരാഷ്‌ട്ര മത്സരം കളിക്കാത്ത) താരങ്ങള്‍ ഇടംപിടിച്ചു. ഇറ്റാലിയന്‍ ക്ലബ്ബ് സസുവോളോയുടെ അറ്റാക്കിങ് പ്ലേമേക്കര്‍ ക്രിസ്റ്റ്യന്‍ വോള്‍പാറ്റോ, ജാപ്പനീസ് ക്ലബ്ബില്‍ തിളങ്ങുന്ന സ്‌ട്രൈക്കര്‍ ടെറ്റെ യെംഗി എന്നിവരാണ് ഓസ്‌ട്രേലിയന്‍ ടീമിലെ അപ്രതീക്ഷിത മുഖങ്ങള്‍. അടുത്തിടെ ഇറ്റലി വിട്ട് ഓസ്‌ട്രേലിയക്കായി കളിക്കാന്‍ തീരുമാനിച്ച വോള്‍പാറ്റോ ക്യാമ്പിലെ അവസാന നിമിഷ പ്രകടനത്തിലൂടെയാണ് പരിശീലകന്റെ മനസ്സ് കീഴടക്കിയത്.
യുവത്വത്തിന് വലിയ പ്രാധാന്യം നല്‍കിയുള്ള ടീം പ്രഖ്യാപനത്തില്‍ 17 കളിക്കാരാണ് കരിയറിലെ ആദ്യ ലോകകപ്പ് കളിക്കാന്‍ ഒരുങ്ങുന്നത്. അതേസമയം, പരിചയസമ്പന്നനായ മാറ്റ് റയാന്‍ തന്നെയാകും ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറും നായകനും. ഹാരി സൗട്ടര്‍, മാത്യു ലെക്കി എന്നിവര്‍ പ്രതിരോധത്തിലും മുന്നേറ്റത്തിലും കരുത്താകും. എന്നാല്‍ സീനിയര്‍ താരങ്ങളായ ബ്രാന്‍ഡന്‍ ബോറെല്ലോ, കൈ റൗള്‍സ് എന്നിവര്‍ക്ക് കടുത്ത മത്സരത്തിനൊടുവില്‍ ടീമില്‍ ഇടം നഷ്ടമായി. പരിക്കിനെത്തുടര്‍ന്ന് 2022 ലോകകപ്പ് നഷ്ടമായ ഫോര്‍വേഡ് മാര്‍ട്ടിന്‍ ബോയ്ലിനെ ഇത്തവണ ടീമിലേക്ക് പരിഗണിച്ചതുമില്ല.
ഓസ്‌ട്രേലിയന്‍ ടീം
ഗോള്‍കീപ്പര്‍മാര്‍: മാറ്റ് റയാന്‍ (ലെവാന്തെ), പോള്‍ ഇസ്സോ (രണ്ടേഴ്‌സ്), പാട്രിക് ബീച്ച് (മെല്‍ബണ്‍ സിറ്റി).
പ്രതിരോധനിര: അസീസ് ബെഹിച്ച് (മെല്‍ബണ്‍ സിറ്റി), ജോര്‍ദാന്‍ ബോസ് (ഫെയ്നൂര്‍ഡ്), കാമറൂണ്‍ ബര്‍ഗെസ് (സ്വന്‍സീ സിറ്റി), അലസാന്‍ഡ്രോ സിര്‍ക്കാറ്റി (പാര്‍മ), മിലോസ് ഡെഗെനെക് (അജഛഋഘ), ജേസണ്‍ ഗെരിയ (അല്‍ബിറെക്‌സ് നിഗാത്ത), കോണര്‍ ഹെറിംഗ്ടണ്‍ (കൊളറാഡോ റാപ്പിഡ്‌സ്), ജേക്കബ് ഇറ്റാലിയാനോ (ഗ്രേസര്‍), ഹാരി സൗട്ടര്‍ (ലെസ്റ്റര്‍ സിറ്റി), കായ് ട്രെവിന്‍ (ന്യൂയോര്‍ക്ക് സിറ്റി).
മധ്യനിര: കാമറൂണ്‍ ഡെവ്ലിന്‍ (ഹാര്‍ട്ട് ഓഫ് മിഡ്ലോതിയന്‍), അജ്ദിന്‍ ഹ്രൂസ്റ്റിച്ച് (ഹെരാക്ലിസ് അല്‍മെലോ), ജാക്‌സണ്‍ ഇര്‍വിന്‍ (സെന്റ് പോളി), കോണര്‍ മെറ്റ്കാഫ് (സെന്റ് പോളി), പോള്‍ ഒകോണ്‍-എംഗ്ല്സ്റ്റര്‍ (സിഡ്‌നി), എയ്ഡന്‍ ഒനീല്‍ (ന്യൂയോര്‍ക്ക് സിറ്റി).
മുന്നേറ്റനിര: നെസ്റ്ററി ഇരങ്കുണ്ട (വാറ്റ്‌ഫോര്‍ഡ്), മാത്യു ലെക്കി (മെല്‍ബണ്‍ സിറ്റി), അവര്‍ മാബില്‍ (കാസ്റ്റെല്ലോണ്‍), മുഹമ്മദ് ടൂറെ (നോര്‍വിച്ച് സിറ്റി), നിഷാന്‍ വേലുപ്പിള്ള (മെല്‍ബണ്‍ സിറ്റി), ക്രിസ്റ്റ്യന്‍ വോള്‍പാറ്റോ (സസുവോളോ), ടെറ്റെ യെംഗി (മച്ചിഡ സെല്‍വിയ).
യുവതാരങ്ങളുടെ പ്രസരിപ്പും സീനിയര്‍ താരങ്ങളുടെ അനുഭവസമ്പത്തും സമന്വയിപ്പിച്ചുള്ള ടോണി പോപോവിച്ചിന്റെ ഈ തന്ത്രം ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്ക് എത്രത്തോളം തുണയാകും എന്നാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.















