ആലപ്പുഴ : നവകേരള യാത്രക്കിടെ ആലപ്പുഴയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പ്രതികളായ ഗണ്‍മാന്‍മാര്‍ ഒളിവില്‍ പോയതായി പ്രത്യേക അന്വേഷണസംഘം. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫാണ്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതോടെ ആലപ്പുഴ ജില്ലാ കോടതി വളപ്പില്‍ നിന്നാണ് പ്രതികള്‍ ഒളിവില്‍ പോയത്. ഒളിവിലായ പ്രതികൾക്കായി കേരളത്തിനകത്തും പുറത്തും അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് എസ്ഐടി.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥരായ സന്ദീപ്, വിപിന്‍, ഷൈജു, അരുണ്‍ എന്നിവര്‍ക്കെതിരായാണ് കേസ്. നിലവില്‍ ഇവര്‍ സസ്പെന്‍ഷനിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ച മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം നേടാന്‍ പ്രതികള്‍ ശ്രമിച്ചുവെങ്കിലും ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് എസ്ഐടി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതോടെ ഈ ശ്രമം പാളി. ഇതിന് പിന്നാലെയാണ് ഗണ്‍മാന്‍മാര്‍ ഒളിവില്‍ പോയതെന്നാണ് അനുമാനം. അഭിഭാഷകരുടെ കൂടി നിര്‍ദേശപ്രകാരമാണ് ഒളിവിൽ പോയതെന്ന് റിപ്പോർട്ടുണ്ട്.















