തിരുവനന്തപുരം: കണ്ണൂര്‍ എ ഡി എമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിൽ അന്വേഷണം സിബിഐയ്‌ക്ക് വിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നവീന്‍ ബാബുവിന്റെ മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം
പോലീസ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് നവീന്‍ ബാബുവിന്റെ കുടുംബം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഈ ആവശ്യം പരിഗണിച്ചിരുന്നില്ല. പുതിയ സര്‍ക്കാര്‍ വന്നതിന് പിന്നാലെ നവീന്‍ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം സി ബി ഐയ്‌ക്ക് വിടാന്‍ തീരുമാനിച്ചത്.
2024 ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന് യാത്രയയപ്പ് നല്‍കുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ കലക്ടര്‍ അരുണ്‍ കെ വിജയന്റെ സാന്നിധ്യത്തില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് നവീന്‍ ബാബു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. കേസില്‍ പി പി ദിവ്യ മാത്രമാണ് പ്രതി.
കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സിബിഐയ്‌ക്ക് വിടാന്‍ തീരുമാനിച്ചതില്‍ പ്രതികരണവുമായി കുടുംബം. ആവശ്യങ്ങള്‍ മനസിലാക്കി തങ്ങളുടെ ഒപ്പം നിന്ന മുഖ്യമന്ത്രിയ്‌ക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. ഇത്ര പെട്ടെന്ന് ഉത്തരവിറക്കിയ സര്‍ക്കാരിനോട് നന്ദി പറയുന്നുവെന്നും സത്യസന്ധമായി അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്നും നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു.















