കൊച്ചി: റെയില്‍വേ റിക്രൂട്ട്മെന്റ് കോഴ്സിന് പഠിക്കുന്ന പെണ്‍കുട്ടികളെ വഴിയില്‍ വെച്ച് അധിക്ഷേപിക്കുകയും ചോദ്യം ചെയ്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലെ മുഖ്യസൂത്രധാരന്‍ അക്ബര്‍ അലി പി. (29) മുന്‍പും പെണ്‍വാണിഭക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാളെന്ന് പോലീസ്. ഇക്കഴിഞ്ഞ ജൂലൈയില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ഹൈടെക് രീതിയില്‍ അനാശാസ്യ കേന്ദ്രം നടത്തിയതിനാണ് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അക്ബറിനെ പോലീസ് മുന്‍പ് അറസ്റ്റ് ചെയ്തത്. നിലവില്‍ പെണ്‍കുട്ടികളെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ ഇയാളെയും കൂട്ടാളികളെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
മുന്‍പ് എളമക്കര, കടവന്ത്ര പോലീസ് സംഘങ്ങള്‍ സംയുക്തമായി നടത്തിയ നീക്കത്തിലാണ് അക്ബറിന്റെ നേതൃത്വത്തിലുള്ള ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം കുടുങ്ങുന്നത്. എസ്‌കോര്‍ട്ട് സര്‍വീസുകള്‍ക്കായുള്ള പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയായിരുന്നു ഇവരുടെ ഇടപാടുകള്‍. അക്ബറിന്റെ കൂട്ടാളികളായ മന്‍സൂര്‍ അലി (31), ഷെഫീഖ് (27) എന്നിവരായിരുന്നു ആപ്പ് വഴിയുള്ള ഇടപാടുകാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത്. സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം 20,000 രൂപ മാസവാടകയ്‌ക്കെടുത്ത വീട്ടിലായിരുന്നു അന്ന് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
ഒരു ഇടപാടിന് 3,000 രൂപ വീതം ഈടാക്കിയിരുന്ന സംഘം, ഈ തുക സ്വീകരിച്ചിരുന്നത് അനാശാസ്യ കേന്ദ്രത്തില്‍ അക്ബര്‍ അലിയുടെ പേരില്‍ സ്ഥാപിച്ചിരുന്ന ക്യുആര്‍ കോഡ് വഴിയായിരുന്നു. ഇതില്‍ നിശ്ചിത തുക കമ്മീഷനായി മാറ്റിവെച്ച ശേഷം ബാക്കി തുക അക്ബര്‍ സ്വന്തമാക്കുകയായിരുന്നു രീതി. അന്ന് നടത്തിയ റെയ്ഡില്‍ അസം, ബംഗാള്‍ സ്വദേശികളായ ആറ് യുവതികളെ പോലീസ് മോചിപ്പിച്ച് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരുന്നു.
പെണ്‍കുട്ടികളെ മര്‍ദ്ദിച്ച കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ അക്ബര്‍ നടത്തിയിരുന്ന ഒരു ലോഡ്ജില്‍ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഒരു ലക്ഷം രൂപ മാസവാടക നല്‍കി മൂന്ന് നിലകളുള്ള ലോഡ്ജിന്റെ രണ്ടാമത്തെ നില പൂര്‍ണ്ണമായും എടുത്തായിരുന്നു ഇയാള്‍ പുതിയ പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത്. നിലവില്‍ മര്‍ദ്ദനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരില്‍ രണ്ടുപേര്‍ ഈ ലോഡ്ജിലെ ജീവനക്കാരും അക്ബറിന്റെ സെക്‌സ് റാക്കറ്റിലെ പങ്കാളികളുമാണ്.
അതേസമയം, അക്ബര്‍ അലി, ഇയാളുടെ സുഹൃത്തുക്കളായ രണ്ട് യുവതികള്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയാണ്. പ്രതികളുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാളുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.















