കൊല്‍ക്കത്ത: പൊതുപണം ദുരുപയോഗം ചെയ്‌തെന്ന പരാതിയെത്തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെതിരെ നാട്ടുകാരുടെ പരസ്യ പ്രതിഷധം. നൂറു ദിവസത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ടില്‍ വലിയ തോതില്‍ അഴിമതി നടത്തിയെന്ന ആരോപണം നേരിടുന്ന സന്യാസി മന്ന എന്ന നേതാവിനെയാണ് ഗ്രാമവാസികള്‍ ചേര്‍ന്ന് ശിക്ഷിച്ചത്. ഇയാളുടെ കൈകള്‍ കയറുകൊണ്ട് കെട്ടിയിട്ട ശേഷം തല മൊട്ടയടിക്കുകയും, കഴുത്തില്‍ ചെരിപ്പുമാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തുകയുമായിരുന്നു.
ബംഗാളിലെ ശ്യാംപൂരിലാണ് നാടകീയമായ ഈ സംഭവങ്ങള്‍ അരങ്ങേറിയത്. തൊഴിലുറപ്പ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സന്യാസി മന്നയ്‌ക്കെതിരെ പ്രദേശവാസികള്‍ക്കിടയില്‍ ദീര്‍ഘനാളായി ശക്തമായ അമര്‍ഷം നിലനിന്നിരുന്നു. ഒടുവില്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ശ്യാംപൂര്‍ സ്റ്റേഷനില്‍ നിന്നുള്ള വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയാണ് നാട്ടുകാരില്‍ നിന്നും നേതാവിനെ മോചിപ്പിച്ചത്.















