ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വന്‍ തീപിടിത്തത്തില്‍ 13 കടകള്‍ പൂര്‍ണ്ണമായി കത്തിയമര്‍ന്നു. അപകടത്തില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് ഔദ്യോഗിക വിവരം. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ ജീവാപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ അറിയിച്ചു.
മുഗള്‍ റോഡിന് സമീപമുള്ള ബഫ്‌ലിയാസ് ഗ്രാമത്തിലെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. തടിയും ടിന്നും ഉപയോഗിച്ച് നിര്‍മ്മിച്ചവയായിരുന്നു കത്തിയമര്‍ന്ന കടകളില്‍ ഭൂരിഭാഗവും. ഇത് തീ അതിവേഗം പടരാന്‍ കാരണമായി.
തീപിടിത്തമുണ്ടായ ഉടന്‍ തന്നെ പ്രദേശവാസികളും സൈന്യവും സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് വകുപ്പിന്റെ സംഘവും സ്ഥലത്തെത്തി. ഏകദേശം 30 മിനിറ്റിലധികം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് അഗ്‌നിശമന സേനാംഗങ്ങള്‍ തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയത്. ഇത് കൂടുതല്‍ കടകളിലേക്ക് തീ പടരുന്നത് തടഞ്ഞു. കടകളിലൊന്നിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് വന്‍ ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
അപകടവിവരമറിഞ്ഞിട്ടും സിവില്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ മെല്ലെപ്പോക്ക് നയത്തിനെതിരെ നാട്ടുകാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. പ്രദേശത്ത് സ്ഥിരമായി ഒരു ഫയര്‍ സ്റ്റേഷന്‍ ഇല്ലാത്തതാണ് സ്ഥിതി ഇത്രയും വഷളാക്കിയതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. തീപിടിത്തമുണ്ടായി ഒരു മണിക്കൂറിലധികം കഴിഞ്ഞാണ് സുരന്‍കോട്ട് നിന്നുള്ള അഗ്‌നിശമന വാഹനം സ്ഥലത്തെത്തിയതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു വ്യാപാരി പറഞ്ഞു.
അതേസമയം, വിവരമറിഞ്ഞ് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സൈന്യത്തിനും സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ നന്ദി അറിയിച്ചു. ഇവരുടെ സമയബന്ധിതമായ ഇടപെടല്‍ കാരണമാണ് മറ്റ് നാല് കടകളെങ്കിലും തീപിടിക്കാതെ രക്ഷിക്കാനായത്. അടിയന്തര അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് ജനങ്ങളുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണിയാകുകയാണെന്നും, അതിനാല്‍ ബഫ്‌ലിയാസ് മേഖലയില്‍ ഒരു സ്ഥിരം ഫയര്‍ സ്റ്റേഷന്‍ അനുവദിക്കണമെന്നും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.















