ലഖ്നൗ: ഉത്തര്‍പ്രദേശിലെ ശാംലിയില്‍ കോടികളുടെ സ്വത്ത് തട്ടിയെടുക്കാനായി വ്യവസായിയുടെ മകനെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന പരാതിയില്‍ ഫിസിയോതെറാപ്പിസ്റ്റായ യുവതിയെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഫിസിയോതെറാപ്പിസ്റ്റ് ചാന്ദ്നി ഖുറേഷി, പിതാവ് ഇസ്ലാം ഖുറേഷി എന്നിവരാണ് സംസ്ഥാനത്തെ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം അറസ്റ്റിലായത്. യുപിയിലെ പ്രമുഖ വ്യവസായിയായ ദേവരാജ് മാലിക്കിന്റെ പരാതിയിലാണ് നടപടി.
തന്റെ മകന്‍ ആയുഷ് മാലിക്കിനെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും മതം മാറ്റിയെന്നും, പുതിയ പേരും സ്വത്വവും നല്‍കി കുടുംബത്തില്‍ നിന്ന് അകറ്റിയെന്നുമാണ് പിതാവിന്റെ പരാതി. ബി-ഫാം ബിരുദധാരിയായ ആയുഷ് കുടുംബത്തിന്റെ മെഡിക്കല്‍ സ്റ്റോര്‍ നടത്തിപ്പില്‍ സഹായിച്ചു വരികയായിരുന്നു. 2018-ല്‍ കാലിനേറ്റ പരിക്കിന് ചികിത്സ തേടി പ്രാദേശിക ആശുപത്രിയില്‍ എത്തിയപ്പോഴാണ് ആയുഷ് ഫിസിയോതെറാപ്പിസ്റ്റായ ചാന്ദ്നിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ പ്രണയത്തിലാവുകയും ചാന്ദ്നിയും കുടുംബവും ആയുഷിനെ ഇസ്ലാം മതം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു എന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
വ്യാപാരിയുടെ പരാതി പ്രകാരം, 2023-ല്‍ ആയുഷിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുകയും അവിടെവെച്ച് ‘മൊഹമ്മദ് അലി’ എന്ന് പേര് മാറ്റി മതം മാറ്റുകയുമാണുണ്ടായത്. തുടര്‍ന്ന് ഡല്‍ഹിയില്‍ വെച്ച് ഇരുവരുടെയും നിക്കാഹ് ചടങ്ങുകള്‍ നടന്നതായും പരാതിയിലുണ്ട്. എന്നാല്‍ അന്വേഷണത്തില്‍ ഇതുവരെ വിവാഹ സര്‍ട്ടിഫിക്കറ്റുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മതം മാറ്റത്തിന് ശേഷം ആയുഷ് താടി വളര്‍ത്തുകയും, അഞ്ചുനേരം നിസ്‌കരിക്കുകയും, വസ്ത്രധാരണ രീതി പൂര്‍ണ്ണമായി മാറ്റുകയും ചെയ്തതായും പറയപ്പെടുന്നു.
കുടുംബത്തിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും ബിസിനസ്സും കൈക്കലാക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ് ഈ മതപരിവര്‍ത്തനം നടന്നതെന്നാണ് പിതാവ് ദേവരാജ് മാലിക് ആരോപിക്കുന്നത്. മകന്റെ മതമാറ്റത്തെക്കുറിച്ച് വൈകിയാണ് കുടുംബം അറിഞ്ഞത്. ഭാരതീയ ന്യായ സംഹിത, ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ രണ്ടുപേര്‍ക്ക് പുറമെ ഇവരുടെ കുടുംബാംഗങ്ങളും തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ട് മൗലവിമാരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഇട്ടിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ശാംലി എസ്പി നരേന്ദ്ര പ്രതാപ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. എല്‍.ഐ.യു വിഭാഗവും കേസ് അന്വേഷിക്കുന്നുണ്ടെന്നും, ഈ സംഭവത്തിന് പിന്നില്‍ മറ്റേതെങ്കിലും വലിയ ശൃംഖലകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.















