കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയ്‌ക്ക് ഇ.ഡി സമൻസ്. വെള്ളിയാഴ്ച കൊച്ചിയലെ ഇ.ഡി ഒഫീസിൽ ഹാജരാകണമെന്നാണ് വീണയ്‌ക്ക് നൽകിയ നിർദേശം. വീണയടക്കം ഒൻപത് പേർക്കാണ് ഇ.ഡി സമൻസ് അയച്ചത്. സിഎംആർഎല്ലിന്റെ ഉടമകളിലൊരാളായ ശശിധരൻ കർത്തയുടെ മകൻ ശരൺ എസ്. കർത്തയും സമൻസ് ലഭിച്ചവരിൽ ഉൾപ്പെടുന്നു. ബാങ്ക് രേഖകൾ, സ്വത്ത് വിവരങ്ങൾ, നികുതി വിവരങ്ങൾ എന്നിവ ഹാജരാക്കണമെന്നും വാഹനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറണമെന്നും ഇ.ഡി ഡയറക്ടർ അറിയിച്ചു.
ടി വീണ, ശശിധരൻ കർത്ത (സി എം ആർ എൽ എം ഡി), ശരൺ എസ് കർത്ത (സി എം ആർ എൽ ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ)
കെ എസ് സുശേഷ് കുമാർ (സി എം ആർ എൽ ചീഫ് ജനറൽ മാനേജർ) സി എം ആർ എൽ ജീവനക്കാർ എന്നിവർക്കാണ് സമൻസ്
പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സും കരിമണല്‍ ഖനന കമ്പനിയായ സിഎംആര്‍എല്‍ കമ്പനിയും ഉള്‍പ്പെട്ടതാണ് സിഎംആർഎൽ-എക്സാലോജിക് കേസ്. ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്‍ വലിയ തുക വീണയുടെ കമ്പനിക്ക് പ്രതിഫലം നല്‍കിയെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. ആദായ നികുതി സെറ്റില്‍മെൻ്റ് ബോര്‍ഡിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചത്.
കേസില്‍ ഇ ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്നും നിയമപരമായ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.















