ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു; ബെംഗളൂരുവില്‍ രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

Published by
ജനം വെബ്‌ഡെസ്ക്

ബെംഗളൂരു: കര്‍ണാടകയിലുണ്ടായ ദാരുണമായ റോഡപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥികളായ രണ്ട് നഴ്സിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലില്‍ വീട്ടില്‍ ഗീരീഷ്‌കുമാറിന്റെ മകന്‍ ഗൗരീശങ്കര്‍ (22), കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി അതുല്‍ (22) എന്നിവരാണ് മരിച്ച മലയാളി യുവാക്കള്‍. കെങ്കേരി രാജരാജേശ്വരി ഡെന്റല്‍ കോളേജിന് സമീപത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്.

കെങ്കേരി ബിജിഎസ് നഴ്സിങ് കോളേജിലെ നാലാം വര്‍ഷ ബിഎസ്സി നഴ്സിങ് വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. മൈസൂരുവില്‍ നിന്നും ബെംഗളൂരുവിലേക്ക് ബൈക്കില്‍ വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിലവില്‍ ഗൗരീശങ്കറിന്റെയും അതുലിന്റെയും മൃതദേഹങ്ങള്‍ രാജരാജേശ്വരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരും.

Share