പത്തനംതിട്ട: ശബരിമല ശ്രീകോവിലിന്റെ വലതുവശത്തെ സ്വര്‍ണമേല്‍ക്കൂരയില്‍ രണ്ടടിയോളം നീളത്തില്‍ നിറംമാറ്റം സംഭവിച്ചതായി കണ്ടെത്തി. സ്വര്‍ണത്തിന്റെ തിളക്കം നഷ്ടപ്പെട്ട് കറുത്ത നിറത്തിലായ ഈ ഭാഗം കഴിഞ്ഞ ആറുമാസമായി ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് വ്യക്തമായി ശ്രദ്ധയില്‍പ്പെട്ടത്. മണ്ഡല-മകരവിളക്ക് സീസണിനിടെ ആരോ എറിഞ്ഞ നെയ്യ് മേല്‍ക്കൂരയില്‍ വീണ് അവിടെത്തന്നെ കിടന്നതാകാമെന്നും പിന്നീട് പൊടിയും അഴുക്കും അടിഞ്ഞുകൂടി കറുത്ത നിറമായി മാറിയതാകാമെന്നുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രാഥമിക നിഗമനം.
ജനുവരി ആദ്യവാരത്തിലാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. അന്ന് മഴ ലഭിക്കാത്തതിനാല്‍ നെയ്യ് കഴുകിപ്പോകാതെ മേല്‍ക്കൂരയില്‍ തന്നെ അവശേഷിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍. ശ്രീകോവിലിന്റെ പിന്‍ഭാഗത്ത് മുഖപ്പിനുതാഴെയായും രണ്ടടിയോളം നീളത്തില്‍ സമാനമായ നിറവ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് എപ്പോള്‍ രൂപപ്പെട്ടതാണെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ജനുവരി 8-ന് പകര്‍ത്തിയ ചിത്രങ്ങളില്‍ നിറവ്യത്യാസം വ്യക്തമായി കാണുന്നുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി.
അതേസമയം, 2025 ഡിസംബര്‍ 28-ന് നട അടച്ച സമയത്തെ ചിത്രങ്ങളിലും ജനുവരി 1-ന് പകര്‍ത്തിയ ചിത്രങ്ങളിലും ഇത്തരമൊരു മാറ്റം ഉണ്ടായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ജനുവരി 2 മുതല്‍ 7 വരെയുള്ള ദിവസങ്ങളിലൊന്നിലായിരിക്കാം നിറംമാറ്റം സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. തിരുവാഭരണം കമ്മിഷണര്‍ ആര്‍. റെജിലാലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഈ നിഗമനത്തിലെത്തിയത്. ദേവസ്വം ബോര്‍ഡും സ്ഥലത്ത് പരിശോധന നടത്തി. വെള്ളം ഉപയോഗിച്ച് കഴുകിയാല്‍ പാട് നീക്കാനാകുമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
എന്നാല്‍ ശ്രീകോവിലുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ തന്ത്രിയുടെ അനുമതി നിര്‍ബന്ധമാണ്. തുടര്‍ന്ന് ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഹൈക്കോടതിയുടെ അനുമതിയോടെയായിരിക്കും വൃത്തിയാക്കല്‍ നടപടികള്‍ സ്വീകരിക്കുക. ശബരിമല ശ്രീകോവിലിലെ നിറവ്യത്യാസം ഭക്തര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നതിനിടെ, ഇത് ഘടനാപരമായ പ്രശ്‌നമല്ലെന്നും സാധാരണ ശുചീകരണത്തിലൂടെ പരിഹരിക്കാനാകുന്ന സാഹചര്യമാണെന്നുമാണ് ദേവസ്വം ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍.















