കാന്‍സാസ്: ലോക ഫുട്‌ബോളിനെ വീണ്ടും വിസ്മയിപ്പിച്ച് 38-ാം വയസിലും അത്ഭുതങ്ങള്‍ തീര്‍ത്ത് ലയണല്‍ മെസി. കാന്‍സാസില്‍ നടന്ന ലോകകപ്പ് പോരാട്ടത്തില്‍ അള്‍ജീരിയക്കെതിരെ ഹാട്രിക്ക് നേടി അര്‍ജന്റീനയ്‌ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ച മെസി, മത്സരശേഷം നടത്തിയ വെളിപ്പെടുത്തലാണ് ആരാധകരെ കൂടുതല്‍ വികാരാധീനരാക്കിയത്. മത്സരത്തിലെ ആദ്യ ഗോള്‍ നേടിയ ഉടന്‍ മെസി കണ്ണീരടക്കാനാകാതെ പൊട്ടിക്കരഞ്ഞു.
ഫുട്‌ബോളുമായി ആ കണ്ണീരിന് ബന്ധമില്ലെന്നും, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജീവിതത്തില്‍ അതീവ സങ്കീര്‍ണവും മാനസികമായി പ്രയാസകരവുമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയതെന്നും താരം പറഞ്ഞു. എന്നാല്‍ ആ വിഷമത്തിന്റെ യഥാര്‍ഥ കാരണം വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ”എന്റെ ടീമംഗങ്ങള്‍ എല്ലാവരും എനിക്കൊപ്പം ഉറച്ചുനിന്നു. ഞാന്‍ വീണ്ടും എന്റെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവര്‍ നല്‍കിയ പിന്തുണയ്‌ക്ക് എപ്പോഴും കടപ്പെട്ടിരിക്കും,” എന്നാണ് മെസിയുടെ പ്രതികരണം.
ഈ ഹാട്രിക്കിലൂടെ ലോകകപ്പ് ചരിത്രത്തിലെ തന്റെ ഗോള്‍ നേട്ടം മറ്റൊരു ഇതിഹാസത്തിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, അര്‍ജന്റീന ദേശീയ ടീമിനൊപ്പമുള്ള ഓരോ നിമിഷവും താന്‍ ആസ്വദിക്കുകയാണെന്നും, ആഗ്രഹിച്ചതുപോലെ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത് സന്തോഷം ഇരട്ടിയാക്കുന്നുവെന്നും മെസി പറഞ്ഞു. മത്സരശേഷം പരിശീലകന്‍ ലയണല്‍ സ്‌കലോണിയും മെസിയെ വാഴ്‌ത്തി.
”മെസിയെക്കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല. അദ്ദേഹത്തിന് പകരം മറ്റാരുമില്ല,” എന്നായിരുന്നു കോച്ചിന്റെ പ്രതികരണം. അള്‍ജീരിയക്കെതിരായ മത്സരത്തില്‍ മൂന്ന് ഗോളുകളുടെ തകര്‍പ്പന്‍ വിജയത്തോടെ നിലവിലെ ചാമ്പ്യന്‍മാര്‍ ലോകകപ്പില്‍ ഗംഭീര തുടക്കമാണ് കുറിച്ചത്.















