ഫിലഡല്‍ഫിയ: ലോകകപ്പിലെ ശക്തരായ ടീമുകളിലൊന്നായ ഫ്രാന്‍സ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിനായി ഇന്ന് ഇറങ്ങും. ആദ്യ മത്സരത്തില്‍ നേടിയ ആത്മവിശ്വാസം കൈമുതലാക്കി ഇറാഖിനെ നേരിടുന്ന ഫ്രഞ്ച് പട വിജയം തുടരാനാണ് ലക്ഷ്യമിടുന്നത്. ഫിലഡല്‍ഫിയ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ സെനഗലിനെ ആധികാരികമായി തോല്‍പ്പിച്ച ഫ്രാന്‍സ് മികച്ച ഫോമിലാണ്.
സ്റ്റാര്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ രണ്ട് ഗോളുകള്‍ നേടി ആക്രമണനിരയുടെ മൂര്‍ച്ഛ തെളിയിച്ചപ്പോള്‍, മധ്യനിരയുടെയും പ്രതിരോധത്തിന്റെയും സ്ഥിരതയും ടീമിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നേറുന്ന എംബാപ്പെയുടെ പ്രകടനവും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചരിത്രനേട്ടത്തിലേക്ക് എത്താന്‍ ഇനി വെറും മൂന്ന് ഗോളുകള്‍ മാത്രം മതിയെന്നതിനാല്‍ ഈ മത്സരത്തിലും അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധാകേന്ദ്രമാകും.
അതേസമയം, എതിരാളികളെ നിസാരമായി കാണാന്‍ ഫ്രഞ്ച് ക്യാമ്പ് തയ്യാറല്ല. ലോകകപ്പിന് യോഗ്യത നേടുന്ന പോരാട്ടത്തില്‍ ബൊളീവിയയെ തോല്‍പ്പിക്കുകയും സൗഹൃദ മത്സരത്തില്‍ സ്പെയിനെ സമനിലയില്‍ തളയ്‌ക്കുകയും ചെയ്ത ഇറാഖ് അട്ടിമറി സൃഷ്ടിക്കാന്‍ ശേഷിയുള്ള ടീമാണെന്ന് ഫ്രഞ്ച് പ്രതിരോധതാരം വില്യം സലിബ വ്യക്തമാക്കി. ശക്തമായ പോരാട്ടം തന്നെയാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നോര്‍വേയോട് കനത്ത തോല്‍വി വഴങ്ങിയ ശേഷമാണ് ഇറാഖ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാനാകാത്ത ടീം ഫ്രാന്‍സിനെതിരെ സമനിലയെങ്കിലും പിടിച്ചാല്‍ അത് വലിയ നേട്ടമായി കണക്കാക്കപ്പെടും. 1986ന് ശേഷം വീണ്ടും ലോകകപ്പ് വേദിയിലെത്തിയ ഇറാഖ് നിരവധി വെല്ലുവിളികള്‍ അതിജീവിച്ചാണ് ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടിയത്.
ആ പോരാട്ടവീര്യം കളത്തില്‍ ആവര്‍ത്തിക്കാനായാല്‍ ഫ്രാന്‍സിനെതിരെ അപ്രതീക്ഷിത ഫലം സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടീം. കണക്കുകള്‍ ഫ്രാന്‍സിന് അനുകൂലമാണെങ്കിലും ലോകകപ്പില്‍ അട്ടിമറികള്‍ അപൂര്‍വമല്ല. അതിനാല്‍ ആവേശകരമായ പോരാട്ടത്തിനാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്.















