ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ കുട്ടനാടിന്റെ കാര്‍ഷികവും സാംസ്‌കാരികവുമായ പൈതൃകത്തെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ക്ക് വേഗം കൂടുന്നു. രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനത്തിന്റെ പഠന റിപ്പോര്‍ട്ട് വിലയിരുത്തിയതിന് പിന്നാലെ, കുട്ടനാടിനെ ലോക പൈതൃക പട്ടികയിലേക്ക് ശുപാര്‍ശ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് വിവരം.
കുട്ടനാടിനെ യുനെസ്‌കോയുടെ ‘കള്‍ച്ചറല്‍ ലാന്‍ഡ്സ്‌കേപ്പ്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടുവയ്‌ക്കുക. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും പുരാവസ്തു വകുപ്പും നടത്തിയ വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് തുടര്‍നടപടികളിലേക്ക് കടക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
സമുദ്രനിരപ്പിന് താഴെ കൃഷി നടത്തുന്ന അപൂര്‍വ കാര്‍ഷികരീതിയാണ് കുട്ടനാടിന്റെ ഏറ്റവും വലിയ പ്രത്യേകത. തനതായ ജലവിഭവ മാനേജ്മെന്റ് സംവിധാനം, പാരമ്പര്യ കാര്‍ഷിക വിജ്ഞാനം, സമ്പന്നമായ ജൈവവൈവിധ്യം, തലമുറകളായി നിലനില്‍ക്കുന്ന കാര്‍ഷിക പൈതൃകം എന്നിവയും ഈ പ്രദേശത്തെ ലോക ശ്രദ്ധയിലേക്ക് ഉയര്‍ത്തുന്ന ഘടകങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇന്ത്യയുടെ പ്രാഥമിക ലോക പൈതൃക പട്ടികയില്‍ കുട്ടനാട് ഇടംപിടിക്കുന്നതോടെ യുനെസ്‌കോ അംഗീകാരത്തിലേക്കുള്ള നിര്‍ണായക ഘട്ടം പിന്നിടാനാകും. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും വിശദാംശങ്ങളും കേന്ദ്രത്തിന്റെ അഭ്യര്‍ഥനപ്രകാരം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തേ തന്നെ ഐക്യരാഷ്‌ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ ‘ഗ്ലോബലി ഇംപോര്‍ട്ടന്റ് അഗ്രികള്‍ച്ചറല്‍ ഹെറിറ്റേജ്’ അംഗീകാരം കുട്ടനാടിന് ലഭിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ലോക പൈതൃക പട്ടികയിലെ കള്‍ച്ചറല്‍ ലാന്‍ഡ്സ്‌കേപ്പ് വിഭാഗത്തിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
ഈ നിര്‍ദേശം പരിശോധിക്കുന്നതിനായി കേന്ദ്രം പ്രത്യേക പഠനം നടത്താന്‍ വിദഗ്ധ ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നു. പഠന റിപ്പോര്‍ട്ട് അനുകൂലമായതോടെയാണ് കുട്ടനാടിനെ യുനെസ്‌കോ ലോക പൈതൃക പട്ടികയിലേക്ക് ശുപാര്‍ശ ചെയ്യാനുള്ള നടപടികള്‍ കേന്ദ്രതലത്തില്‍ പുരോഗമിക്കുന്നത്.















