നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

Published by
ജനം വെബ്‌ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഢിലെ ബലോഡബസാര്‍ ജില്ലയെ നടുക്കിയ ദുരൂഹ മരണപരമ്പരയ്‌ക്ക് ഒടുവില്‍ നിര്‍ണായക വഴിത്തിരിവ്. നാല് മാസത്തിനിടെ എട്ട് പേരെ വിഷം നല്‍കി കൊലപ്പെടുത്തിയെന്ന ആരോപണത്തില്‍ ഖര്‍വെ ഗ്രാമത്തിലെ കടയുടമ രാം സഹായ് ജയ്‌സ്വാളിനെ (46) പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള കാലയളവിലാണ് പ്രതി കുറ്റകൃത്യങ്ങള്‍ നടത്തിയതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

പൊലീസ് അന്വേഷണ പ്രകാരം, മദ്യത്തില്‍ ബോറാക്സ് പൗഡര്‍ കലര്‍ത്തി നല്‍കിയാണ് ഇരകളെ കൊലപ്പെടുത്തിയിരുന്നത്. മുന്‍വൈരാഗ്യം, ചെറിയ തര്‍ക്കങ്ങള്‍, അന്ധവിശ്വാസം എന്നിവയാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെ പ്രേരണകളെന്ന് അധികൃതര്‍ പറയുന്നു. കേസിന്റെ ക്രൂരതയും രീതിയും കണക്കിലെടുത്ത് പ്രതിയെ പൊലീസ് ”സൈക്കോ കൊലയാളി” എന്നാണു വിശേഷിപ്പിച്ചത്.

ഗ്രാമത്തില്‍ തുടര്‍ച്ചയായി ഉണ്ടായ മരണങ്ങളില്‍ സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആദ്യം പല മരണങ്ങളും സ്വാഭാവികമാണെന്ന് കരുതിയിരുന്നെങ്കിലും, മരിച്ചവരില്‍ പലര്‍ക്കും പ്രതിയുമായി അവസാന ദിവസങ്ങളില്‍ ബന്ധമുണ്ടായിരുന്നുവെന്ന കണ്ടെത്തലാണ് അന്വേഷണം ശക്തമാക്കിയത്.

തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം മെയ് മാസത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പരിശോധിച്ചു. അതിന് പിന്നാലെ മറ്റ് മൃതദേഹങ്ങളും പുറത്തെടുത്ത് ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചു. ഒരു ഇരയുടെ മൃതദേഹം നേരത്തെ സംസ്‌കരിച്ചിരുന്നതിനാല്‍ അത് പരിശോധിക്കാന്‍ കഴിഞ്ഞില്ല.

എലികളെ കൊല്ലാനാണെന്ന വ്യാജേന ബോറാക്സ് പൗഡര്‍ വാങ്ങിയ പ്രതി, ആദ്യം അത് ഒരു മൃഗത്തില്‍ പരീക്ഷിച്ച ശേഷമാണ് മനുഷ്യരില്‍ ഉപയോഗിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കുറ്റകൃത്യങ്ങള്‍ക്ക് ശേഷം സംശയം ഒഴിവാക്കാന്‍ ഇരകളെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കുകയും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുകയും ചെയ്തിരുന്നുവെന്ന വിവരങ്ങളും പൊലീസ് പുറത്തുവിട്ടു.

ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം നിഷേധിച്ച പ്രതി, തെളിവുകള്‍ നിരത്തിയതോടെ കൊലപാതകങ്ങള്‍ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ക്കെതിരെ എട്ട് കൊലക്കേസുകളും ഒരു വധശ്രമക്കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Share