വാട്ട്‌സ്ആപ്പിന് കേന്ദ്രത്തിന്റെ നോട്ടീസ്; യൂസര്‍നെയിം ഫീച്ചര്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് നിര്‍ദേശം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ യൂസര്‍നെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള പദ്ധതിയില്‍ മെറ്റയ്‌ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്. സര്‍ക്കാരുമായുള്ള കൂടിയാലോചനകള്‍ പൂര്‍ത്തിയാകുന്നതുവരെ ഈ സംവിധാനം നടപ്പാക്കരുതെന്ന് കേന്ദ്രം കമ്പനിയോട് നിര്‍ദേശിച്ചു. മൂന്ന് ദിവസത്തിനകം ഈ ഫീച്ചറിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യൂസര്‍നെയിമിന് പിന്നില്‍ മറഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിനാല്‍ ഓണ്‍ലൈന്‍ തട്ടിപ്പ്, ഫിഷിംഗ്, ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്, ആള്‍മാറാട്ടം, മറ്റ് സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. കുറ്റവാളികള്‍ക്ക് തങ്ങളുടെ യഥാര്‍ത്ഥ തിരിച്ചറിയല്‍ മറച്ചുവെച്ച് ആളുകളെ സമീപിക്കാന്‍ ഈ സംവിധാനം വഴിയൊരുക്കുമെന്ന ആശങ്കയും സര്‍ക്കാര്‍ പ്രകടിപ്പിച്ചു.

വാട്ട്‌സ്ആപ്പിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയില്‍ നിലവില്‍ 50 കോടിയിലധികം ഉപയോക്താക്കളാണ് ഉള്ളത്. അതിനാല്‍ പുതിയ ഫീച്ചര്‍ നടപ്പാക്കുന്നതിന് മുമ്പ് സുരക്ഷാ-സ്വകാര്യതാ വശങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

Share