അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികം; ട്രംപിനും അമേരിക്കന്‍ ജനതയ്‌ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി മോദി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും അമേരിക്കന്‍ ജനതയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ജനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ആഗോള നന്മയ്‌ക്കായുള്ള ശക്തമായ പങ്കാളിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

‘140 കോടി ഇന്ത്യക്കാരുടെ പേരില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും അമേരിക്കന്‍ ജനതയ്‌ക്കും 250-ാം സ്വാതന്ത്ര്യ വാര്‍ഷികത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു,’ എന്ന് മോദി സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച സന്ദേശത്തില്‍ വ്യക്തമാക്കി.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വെറും തന്ത്രപ്രധാന പങ്കാളിത്തത്തില്‍ ഒതുങ്ങുന്നതല്ലെന്നും ജനാധിപത്യം, നിയമവാഴ്ച, ജനങ്ങളുടെ അളവറ്റ കഴിവിലുള്ള വിശ്വാസം തുടങ്ങിയ പൊതുമൂല്യങ്ങളാണ് ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത 250 വര്‍ഷങ്ങള്‍ അമേരിക്കയ്‌ക്ക് കൂടുതല്‍ സമാധാനവും സമൃദ്ധിയും പുരോഗതിയും സമ്മാനിക്കട്ടെയെന്നും അതോടൊപ്പം ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തുമെന്ന പ്രതീക്ഷയും മോദി പ്രകടിപ്പിച്ചു.

Share