മെക്‌സിക്കോ സിറ്റി: മഴയും ഇടിമിന്നലും മൂലം വൈകി തുടങ്ങിയ ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആതിഥേയരായ മെക്‌സിക്കോയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. അസ്റ്റെക്ക സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജാറല്‍ ക്വാന്‍സ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് ഇംഗ്ലണ്ട് അവസാന നിമിഷങ്ങള്‍ പൊരുതി ജയിച്ചത്.
മത്സരത്തിന്റെ തുടക്കം മുതല്‍ പന്തടക്കത്തിലും ആക്രമണത്തിലും മെക്‌സിക്കോ ആധിപത്യം പുലര്‍ത്തിയെങ്കിലും കൗണ്ടര്‍ അറ്റാക്കുകളില്‍ ഇംഗ്ലണ്ട് മാരകമായി തിരിച്ചടിച്ചു. 36-ാം മിനിറ്റില്‍ ഡെക്ലന്‍ റൈസിന്റെ മുന്നേറ്റത്തില്‍ നിന്ന് ബുകയോ സക നല്‍കിയ ക്രോസ് ജൂഡ് ബെല്ലിങ്ഹാം ഹെഡറിലൂടെ വലയിലെത്തിച്ചതോടെ ഇംഗ്ലണ്ട് ലീഡെടുത്തു.
ആദ്യ ഗോളിന്റെ ആഘാതത്തില്‍ നിന്ന് മെക്‌സിക്കോ കരകയറും മുമ്പേ രണ്ട് മിനിറ്റിനകം ബെല്ലിങ്ഹാം വീണ്ടും ലക്ഷ്യം കണ്ടു. ഹാരി കെയ്‌നിന്റെ പാസ് സ്വീകരിച്ച താരം മനോഹര ഫിനിഷിലൂടെ ഇംഗ്ലണ്ടിന്റെ ലീഡ് ഇരട്ടിയാക്കി. എന്നാല്‍ മെക്‌സിക്കോ തളര്‍ന്നില്ല. റോബര്‍ട്ടോ അല്‍വരാഡോയുടെ ഫ്രീകിക്കില്‍ നിന്ന് ലഭിച്ച അവസരം ജൂലിയന്‍ ക്വിനോനസ് വോളിയിലൂടെ ഗോളാക്കി മാറ്റി. ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്‌കോര്‍ 2-1 ആയി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജാറല്‍ ക്വാന്‍സ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലേക്ക് വലിഞ്ഞു. എങ്കിലും 60-ാം മിനിറ്റില്‍ ആന്റണി ഗോര്‍ഡനെ ബോക്‌സില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഹാരി കെയ്ന്‍ ഗോളാക്കി മാറ്റി ഇംഗ്ലണ്ടിനെ 3-1ന് മുന്നിലെത്തിച്ചു. 69-ാം മിനിറ്റില്‍ ഹാരി കെയ്ന്‍ വരുത്തിയ ഫൗളിന് വാര്‍ പരിശോധനയ്‌ക്ക് ശേഷം മെക്‌സിക്കോയ്‌ക്കും പെനാല്‍റ്റി ലഭിച്ചു.
റൗള്‍ ഹിമനസ് അത് ഗോളാക്കി മാറ്റി സ്‌കോര്‍ 3-2 ആക്കിയെങ്കിലും സമനില ഗോള്‍ നേടാനുള്ള മെക്‌സിക്കോയുടെ അവസാന ശ്രമങ്ങള്‍ ഇംഗ്ലണ്ട് പ്രതിരോധം ചെറുത്തു. ഇതോടെ പത്ത് പേരുമായി അവസാന അരമണിക്കൂറോളം പൊരുതിയ ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയുമായാണ് ഇംഗ്ലണ്ടിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം.















