കണ്ണൂർ: മുഖത്തെ മുറിവിൽ സ്റ്റിച്ച് ഇടുന്നതിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. പയ്യന്നൂർ എരമം സ്വദേശികളായ സൂരജ്–വിജിഷ ദമ്പതികളുടെ ഏകമകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയതോടെ സംഭവത്തിൽ പൊലീസ് കേസെടുത്തു.
ആറുവർഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച ഏകമകനായ ദേവാൻഷിന് നാല് ദിവസം മുൻപ് വീട്ടിൽ കളിക്കുന്നതിനിടെ വീണ് മുഖത്തും ചുണ്ടിലും പരിക്കേറ്റിരുന്നു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം കുട്ടിയെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സ്റ്റിച്ച് ഇടുന്നതിനിടെ കുഞ്ഞ് കരഞ്ഞതിനാൽ അനസ്തേഷ്യ നൽകാൻ ഡോക്ടർ നിർദേശിച്ചതായാണ് വിവരം. അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞിന് ബോധം നഷ്ടപ്പെടുകയും പിന്നീട് കാർഡിയാക് അറസ്റ്റ് സംഭവിക്കുകയും ചെയ്തതായി ആശുപത്രി വിശദീകരിച്ചു.
തുടർന്ന് കുട്ടിയെ അടിയന്തരമായി കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെ ആരോഗ്യനില വഷളാവുകയും ഒടുവിൽ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
അടിയന്തര സാഹചര്യമല്ലെങ്കിൽ രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് അനസ്തേഷ്യ നൽകുന്നത് വളരെ ശ്രദ്ധാപൂർവം മാത്രമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നതിനിടെ, ചികിത്സയിൽ ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അനസ്തേഷ്യ നൽകിയ ഡോക്ടർ ഡോ. അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചികിത്സാ നടപടികളിലും ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളിലും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.















