ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മറ്റൊരു വമ്പന്‍ ക്ഷേത്ര ഇടനാഴി പദ്ധതിയുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ബാരാബങ്കിയിലെ ലോധേശ്വര്‍ മഹാദേവ് ക്ഷേത്ര കോറിഡോറിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ നിര്‍വഹിക്കും. 2027 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പദ്ധതിക്ക് തുടക്കമിടുന്നത്. ബാരാബങ്കിയിലെ ക്ഷേത്രപരിസരം സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി പദ്ധതിക്ക് തുടക്കം കുറിക്കുക. അയോധ്യയിലെ രാമക്ഷേത്രവും വാരണാസിയിലെ കാശി വിശ്വനാഥ് കോറിഡോറും പോലെ ലോധേശ്വര്‍ മഹാദേവ് ക്ഷേത്രത്തെയും പ്രധാന തീര്‍ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഏകദേശം 20 ബീഘ (5.4 ലക്ഷം ചതുരശ്ര അടി) സ്ഥലത്താണ് കോറിഡോര്‍ വികസിപ്പിക്കുന്നത്. പദ്ധതിക്കായി ക്ഷേത്രത്തിന് ചുറ്റുമുണ്ടായിരുന്ന 127 വീടുകളും വ്യാപാര സ്ഥാപനങ്ങളും നീക്കം ചെയ്തു. നിയമപരമായ രേഖകളുള്ള ഉടമകള്‍ക്ക് 48 കോടി രൂപ നഷ്ടപരിഹാരം നല്‍കിയാണ് സ്ഥലം ഏറ്റെടുത്തത്. 200 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ക്ഷേത്രത്തിന് ചുറ്റുമായി പ്രദക്ഷിണപാത, ഭംഗിയാര്‍ന്ന പ്രവേശന കവാടങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, ക്ലോക്ക് റൂം, ശുചിമുറികള്‍ എന്നിവ ഉള്‍പ്പെടും. സമീപത്തെ അമൃത് സരോവറും നവീകരിച്ച് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും.
ലോധേശ്വര്‍ മഹാദേവ് ക്ഷേത്രം ഉത്തര്‍പ്രദേശിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ബാരാബങ്കിയിലും സമീപ ജില്ലകളിലും ടൂറിസം വര്‍ധിപ്പിക്കാനും പ്രാദേശിക വ്യാപാരത്തിനും തൊഴില്‍ അവസരങ്ങള്‍ക്കും ഇത് സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ശ്രാവണ മാസത്തിലും മഹാശിവരാത്രി ദിനത്തിലും ലോധ്, ഗുര്‍ജര്‍, തോമര്‍, പാല്‍ ഉള്‍പ്പെടെയുള്ള വിവിധ സമുദായങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്.
ഉന്നാവോ, ബന്ദ, ജലൗണ്‍, കാണ്‍പൂര്‍, ഹമീര്‍പൂര്‍, കാല്‍പി തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള വിശ്വാസികള്‍ക്ക് ഈ ക്ഷേത്രം പ്രധാന തീര്‍ഥാടന കേന്ദ്രമാണ്. അതേസമയം, മഥുരയിലെ ബാങ്കെ ബിഹാരി ക്ഷേത്ര കോറിഡോര്‍ പദ്ധതിയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളെ ലോകോത്തര തീര്‍ഥാടന കേന്ദ്രങ്ങളാക്കി വികസിപ്പിക്കാനുള്ള യോഗി സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഈ പദ്ധതികളും നടപ്പാക്കുന്നത്.















