ന്യൂഡൽഹി: അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് രാജ്യത്ത് 50 ഒടിടി (OTT) പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. ലോക്സഭയിൽ കേന്ദ്ര വാർത്താ വിതരണ-പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2021ലെ ഇൻഫർമേഷൻ ടെക്നോളജി (ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) ചട്ടങ്ങൾ, ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരമാണ് നടപടി. വിലക്കേർപ്പെടുത്തിയ 50 ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പേരുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. എന്നാൽ നിയമലംഘനം നടത്തുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കെതിരെ നിരന്തര നിരീക്ഷണം തുടരുമെന്നും കേന്ദ്രം അറിയിച്ചു.
ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്യാൻ ഗൂഗിളിനും ആപ്പിളിനും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ഇന്റർനെറ്റ് സേവനദാതാക്കൾക്ക് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനവും തടയാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ ഇന്ത്യയിൽ നിന്ന് ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനോ ഉപയോഗിക്കാനോ കഴിയില്ല.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കെതിരായ കേന്ദ്രത്തിന്റെ വ്യാപക നടപടിയുടെ ഭാഗമാണിത്. 2025ൽ ALT, Ullu, Desiflix ഉൾപ്പെടെ 25 ഒടിടി പ്ലാറ്റ്‌ഫോമുകൾ അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിന് വിലക്കിയിരുന്നു. ഈ വർഷം ആദ്യം അഞ്ച് പ്ലാറ്റ്‌ഫോമുകൾക്കെതിരെയും സമാന നടപടി സ്വീകരിച്ചു. ഏറ്റവും പുതിയ നടപടിയോടെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിലക്കിയ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ എണ്ണം 80 ആയി.
പുതുക്കിയ ഐടി ചട്ടങ്ങൾ പ്രകാരം, കോടതിയുടെയോ സർക്കാർ ഏജൻസികളുടെയോ നിർദേശം ലഭിച്ചാൽ മൂന്ന് മണിക്കൂറിനുള്ളിൽ നിയമവിരുദ്ധ ഉള്ളടക്കം നീക്കം ചെയ്യുകയോ അതിലേക്കുള്ള പ്രവേശനം തടയുകയോ ചെയ്യേണ്ടത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ബാധ്യതയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്കെതിരെ ഇനിയും കർശന നടപടി തുടരുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി















