ആലപ്പുഴ: ഏഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ഒളവണ്ണ സ്വദേശിനിയായ നേഹ കൃഷ്ണ (25)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് ഉച്ചയ്‌ക്കുശേഷമാണ് റെയിൽപാതയ്‌ക്ക് സമീപം യുവതിയുടെ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മരിച്ചയാൾ കോഴിക്കോട് ഒളവണ്ണ സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞു. സംഭവവിവരം യുവതിയുടെ ബന്ധുക്കളെ അറിയിച്ചതായും പൊലീസ് അറിയിച്ചു.
ട്രെയിനിൽ നിന്ന് അബദ്ധത്തിൽ വീണതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി അന്വേഷണം തുടരുകയാണ്.















