ന്യൂഡൽഹി: 2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മുൻ ആം ആദ്മി പാർട്ടി (എഎപി) കൗൺസിലർ താഹിർ ഹുസൈനും മറ്റ് നാല് പ്രതികൾക്കും ഡൽഹിയിലെ കർക്കർദൂമ കോടതി ജീവപര്യന്തം തടവ് വിധിച്ചു. താഹിർ ഹുസൈന് അഞ്ച് ലക്ഷം രൂപ പിഴയും കോടതി ചുമത്തി.
നാസിം, കാസിം, ജാവേദ്, അനസ് എന്നിവരെയാണ് കൊലപാതകം, കലാപം, മാരകായുധങ്ങളുമായി കലാപത്തിൽ പങ്കാളിത്തം, തട്ടിക്കൊണ്ടുപോകൽ, മതവിദ്വേഷം വളർത്തൽ തുടങ്ങിയ കുറ്റങ്ങളിൽ ശിക്ഷിച്ചത്. ഗൂഢാലോചനക്കുറ്റത്തിൽ താഹിർ ഹുസൈനെ കോടതി വെറുതെവിട്ടെങ്കിലും മറ്റ് ഗുരുതര കുറ്റങ്ങൾ തെളിഞ്ഞതായി കണ്ടെത്തുകയായിരുന്നു. കേസിലെ മറ്റ് ആറു പ്രതികളെ നേരത്തെ വെറുതെവിട്ടിരുന്നു.
ജൂലൈ 13-നാണ് അഞ്ച് പ്രതികളെയും കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ശിക്ഷാവിധി പ്രസ്താവിക്കവെ, “അതിക്രൂരമായ കുറ്റകൃത്യമാണ് നടന്നത്. കൊലപാതകത്തിന് ശേഷവും മൃതദേഹം സമീപത്തെ ഓടയിലേക്ക് വലിച്ചെറിഞ്ഞത് വെറുപ്പിന്റെ തെളിവാണ്” എന്ന് കോടതി നിരീക്ഷിച്ചു.
പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ഡൽഹി പൊലീസ് ശക്തമായി ആവശ്യപ്പെട്ടിരുന്നു. പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ മധുകർ പാണ്ഡെ, യാതൊരു പ്രകോപനവുമില്ലാതെ ആസൂത്രിതമായും തണുത്ത മനസ്സോടെയും നടത്തിയ കൊലപാതകമാണിതെന്നും അതിനാൽ പരമാവധി ശിക്ഷ നൽകണമെന്നും കോടതിയെ അറിയിച്ചു.
എന്നാൽ, കുറ്റകൃത്യം അത്യന്തം ക്രൂരമാണെങ്കിലും ഓരോ പ്രതിയുടെയും വ്യക്തിഗത പങ്ക് വ്യക്തമായി തെളിയിക്കാനായില്ലെന്നും, വിദ്യാഭ്യാസ പശ്ചാത്തലവും അന്നത്തെ തെറ്റായ വിവരപ്രചാരണത്തിന്റെ സാഹചര്യവും ഉൾപ്പെടെയുള്ള ചില ലഘൂകരണ ഘടകങ്ങൾ പരിഗണിച്ചാണ് വധശിക്ഷയ്‌ക്ക് പകരം ജീവപര്യന്തം തടവ് വിധിച്ചതെന്ന് കോടതി വ്യക്തമാക്കി.
2020 ഫെബ്രുവരി 25-ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ 26-കാരനായ ഐബി സെക്യൂരിറ്റി അസിസ്റ്റന്റ് അങ്കിത് ശർമ്മ വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമാസക്തമായ ആൾക്കൂട്ടം വളഞ്ഞത്. തുടർന്ന് വീടിനുള്ളിലേക്ക് വലിച്ചിഴച്ച് കത്തി, ഇരുമ്പുവടി, ദണ്ഡുകൾ, കല്ലുകൾ എന്നിവ ഉപയോഗിച്ച് മാരകമായി ആക്രമിച്ചെന്നാണ് കേസ്. അടുത്ത ദിവസം ഖജൂരി ഖാസ് ഓടയിൽ നിന്നാണ് അങ്കിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അങ്കിത് ശർമ്മയുടെ ശരീരത്തിൽ 51 മുറിവുകളുണ്ടായിരുന്നുവെന്നും അതിൽ 18 എണ്ണം മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ടുണ്ടാക്കിയതാണെന്നും കണ്ടെത്തിയിരുന്നു. മരണം സംഭവിച്ച ശേഷവും ആക്രമണം തുടർന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ 2020 ഫെബ്രുവരിയിൽ പൊട്ടിപ്പുറപ്പെട്ട വടക്കുകിഴക്കൻ ഡൽഹി കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിരവധി വീടുകളും കടകളും ആരാധനാലയങ്ങളും കലാപത്തിൽ നശിച്ചു. കേസിൽ പേര് ഉയർന്നതിനെ തുടർന്ന് താഹിർ ഹുസൈനെ എഎപി സസ്പെൻഡ് ചെയ്തിരുന്നു. അഞ്ച് വർഷത്തിലേറെയായി ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.















