തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതിതീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഇന്നത്തെ അതിതീവ്രമഴ കണക്കിലെടുത്ത് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ തുറസ്സായ സ്ഥലങ്ങളിലും ജലാശയങ്ങള്‍ക്ക് സമീപവും മലഞ്ചെരിവുകളിലും കഴിയുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കാണ് ഈ ജില്ലകളില്‍ സാധ്യത. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരളതീരം വരെ നിലനില്‍ക്കുന്ന തീരദേശ ന്യൂനമര്‍ദ്ദ പാത്തിയും വടക്കന്‍ കര്‍ണാടക മുതല്‍ കന്യാകുമാരി വരെ തെക്കന്‍ കര്‍ണാടക, കേരളം, തമിഴ്‌നാട് വഴി വ്യാപിച്ചിരിക്കുന്ന മറ്റൊരു ന്യൂനമര്‍ദ്ദ പാത്തിയും മധ്യ രാജസ്ഥാനിന് മുകളിലെ ചക്രവാതച്ചുഴിയുമാണ് സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് അനുകൂല സാഹചര്യമൊരുക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച വരെ കേരളത്തില്‍ വ്യാപകമായ ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.