ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച വീഡിയോ മണിക്കൂറുകളോളം മെറ്റയുടെ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാകാതിരുന്നത് വെറുമൊരു സാങ്കേതിക പിഴവായി കാണാനാകില്ലെന്ന് കേന്ദ്ര ഐടി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി. സംഭവത്തില്‍ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തിപരമായി മാപ്പുപറയണമെന്നും, അതിന് തയ്യാറായില്ലെങ്കില്‍ വിവരസാങ്കേതികവിദ്യ നിയമത്തിലെ സെക്ഷന്‍ 79 പ്രകാരമുള്ള ‘സേഫ് ഹാര്‍ബര്‍’ സംരക്ഷണം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന സിജെപി പ്രതിഷേധസമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പങ്കുവെച്ച വീഡിയോ പുലര്‍ച്ചെ 12.30 മുതല്‍ രാവിലെ 5 മണിവരെ മെറ്റയുടെ പ്ലാറ്റ്ഫോമില്‍ ലഭ്യമല്ലാതിരുന്നതാണ് വിവാദമായത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായ മെറ്റ പ്രതിനിധികള്‍ ഇത് സാങ്കേതിക തകരാര്‍ മൂലമാണെന്ന് വിശദീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഉള്ളടക്കം പോലും മണിക്കൂറുകളോളം ലഭ്യമാകാതിരുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് ഐടി കാര്യങ്ങളേക്കുറിച്ചുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിഷികാന്ത് ദുബെ വ്യക്തമാക്കി. ഇത് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിരിക്കാമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ അല്‍ഗോരിതങ്ങളില്‍ പക്ഷപാതം പ്രകടമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ഐടി മന്ത്രാലയത്തിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ അനാസ്ഥ കാണിക്കുന്നുവെന്നുമാണ് സമിതിയുടെ വിമര്‍ശനം.
മെറ്റ, ഗൂഗിള്‍, യൂട്യൂബ്, എക്സ്, സ്നാപ്ചാറ്റ് എന്നിവയുടെ പ്രതിനിധികളും കേന്ദ്ര ആഭ്യന്തര, ഐടി മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് വിഷയം വിശദമായി ചര്‍ച്ച ചെയ്തത്. സംഭവത്തില്‍ 10 ദിവസത്തിനകം രേഖാമൂലം വിശദീകരണം നല്‍കാന്‍ മെറ്റയോട് പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
വിവരസാങ്കേതികവിദ്യ നിയമത്തിലെ സെക്ഷന്‍ 79 പ്രകാരം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ലഭിക്കുന്ന നിയമപരമായ പരിരക്ഷയാണ് ‘സേഫ് ഹാര്‍ബര്‍’. ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ക്ക് നേരിട്ടുള്ള നിയമബാധ്യതയില്‍ നിന്ന് കമ്പനികളെ ഇത് സംരക്ഷിക്കുന്നു. ഈ പരിരക്ഷ പിന്‍വലിക്കപ്പെട്ടാല്‍, പ്ലാറ്റ്ഫോമുകളില്‍ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് കമ്പനിയെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിട്ട് നിയമനടപടികള്‍ക്ക് വിധേയരാക്കാന്‍ സാധിക്കും.















