ന്യൂഡൽഹി: അടിവസ്ത്രം മാത്രം ധരിച്ച് മണ്ഡലത്തിലെത്തിയവരുടെ അപേക്ഷകളിൽ ഒപ്പിട്ട ആംആദ്‌മി പാർട്ടി എംഎൽഎ വിവാദത്തിൽ. വടക്കുകിഴക്കൻ ഡൽഹിയിലെ കിരാരി എംഎൽഎ അനിൽ ഝാ വത്സാണ് വിവാദത്തിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത രംഗത്തെത്തി.
ബനിയനും ഷോർട്സും ധരിച്ച് കസേരയിൽ ഇരുന്ന് അപേക്ഷകളിൽ ഒപ്പിടുന്ന എംഎൽഎയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്ന ഡൽഹി സർക്കാരിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകളിലാണ് എംഎൽഎ ഒപ്പിടുന്നതെന്നാണ് റിപ്പോർട്ടുകൾ. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അപേക്ഷകളുമായി എംഎൽഎയെ സമീപിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
നിയമസഭയുടെ മൺസൂൺ സമ്മേളനത്തിനിടെയാണ് വിഷയത്തിൽ രേഖ ഗുപ്ത വിമർശനം ഉന്നയിച്ചത്. ജനപ്രതിനിധികൾ പൊതുസമൂഹത്തിന് മുന്നിൽ മാന്യതയും ഉത്തരവാദിത്വവും പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. “അപേക്ഷകളുമായി സ്ത്രീകൾ എത്തുമ്പോഴെങ്കിലും ശരിയായ വസ്ത്രം ധരിക്കണം. നിങ്ങളുടെ പെരുമാറ്റം ലജ്ജാകരമാണ്. ഒരു ജനപ്രതിനിധി ഒരിക്കലും ഇത്തരത്തിൽ പെരുമാറാൻ പാടില്ല,” രേഖ ഗുപ്ത വിമർശിച്ചു.
സ്ത്രീകളുടെ മാനവും അന്തസും സംരക്ഷിക്കേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് യോജിച്ചതല്ലെന്നും അവർ പറഞ്ഞു.
നിയമസഭാ നടപടികൾക്കിടെ അനിൽ ഝാ വത്സാൽ അസഭ്യ ആംഗ്യം കാണിച്ചെന്നും രേഖ ഗുപ്ത ആരോപിച്ചു. സംഭവത്തിൽ ഉചിതമായ തലത്തിൽ പരാതി നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ എംഎൽഎയുടെ പെരുമാറ്റത്തെച്ചൊല്ലി വലിയ വിമർശനമാണ് ഉയരുന്നത്.















