കണ്ണൂർ: പിലാത്തറ–മണ്ടൂർ കെ.എസ്.ടി.പി റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ മിക്സർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. ലോറിയുടെ തകരാർ പരിഹരിക്കാനെത്തിയ ഭാരത് ബെൻസ് ഷോറൂം ജീവനക്കാരായ കാഞ്ഞങ്ങാട് മാവുങ്കൽ സ്വദേശി ഇബിനെസർ ആന്റോ, പാലക്കാട് സ്വദേശി മുഹമ്മദ് ഷെബിൻ എന്നിവരാണ് മരിച്ചത്.
പുലർച്ചെ 3.25ഓടെയായിരുന്നു അപകടം. തകരാറിലായതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് പിന്നാലെയെത്തിയ മിക്സർ ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ തീപിടിത്തമുണ്ടായി. പരിയാരം പൊലീസ്, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി ജീവനക്കാർ, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.അപകടത്തെ തുടർന്ന് കെ.എസ്.ടി.പി റോഡിൽ ഗതാഗത തടസ്സവും നേരിട്ടു. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് പരിയാരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മിക്സർ ലോറിയുടെ ഡ്രൈവർ ഉൾപ്പെടെയുള്ളവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.














