കോഴിക്കോട്: കൊടുവള്ളിയിൽ മോഷണക്കുറ്റം ആരോപിച്ച് 12കാരനെ ക്രൂരമായി മർദ്ദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ്. കൊടുവള്ളി സ്വദേശി ഉവൈസ് ആണ് ദുബായിലേക്ക് കടന്നത്. കോഴിക്കോട് വിമാനത്താവളം വഴിയാണ് ഇയാൾ രാജ്യം വിട്ടതെന്നാണ് വിവരം.
കേസിലെ മറ്റ് പ്രതികളായ ഉവൈസിന്റെ പിതാവ് റസാഖ്, മാതാവ് സീനത്ത് എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികൾക്കായി പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് കേസിലെ പ്രധാന പ്രതികളിലൊരാൾ തന്ത്രപരമായി വിദേശത്തേക്ക് കടന്നത്.
വാച്ച് മോഷ്ടിച്ചെന്നാരോപിച്ചാണ് 12കാരനെ പിതൃസഹോദരനും കുടുംബവും ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. കുട്ടിയുടെ നഖത്തിനിടയിൽ ഈർക്കിലി കയറ്റുകയും മുറിവുകളിൽ മുളക് വെള്ളം ഒഴിക്കുകയും ചെയ്തതായാണ് പരാതി. കുട്ടിക്ക് ഗുരുതരമായ ശാരീരികവും മാനസികവുമായ പീഡനം നേരിടേണ്ടിവന്നിരുന്നു.
സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) ഇടപെട്ടതിന് ശേഷമാണ് പൊലീസ് കേസെടുത്തത്. ഉവൈസിനെ തിരിച്ചെത്തിച്ച് നിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചുവരികയാണ്. മറ്റ് പ്രതികളായ റസാഖിനും സീനത്തിനുമായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.














